വിവാഹം ഉടൻ നടക്കാൻ മഹാമംഗല്യ പൂജ, വനത്തിനുള്ളിൽ ഞായറാഴ്‌ച മാത്രം തുറക്കുന്ന ഈ ക്ഷേത്രം കേരളത്തിൽ തന്നെയാണ്

Friday 04 July 2025 4:08 PM IST

പലവിധ ആചാരങ്ങളും പ്രത്യേകതകളുമടങ്ങിയ നിരവധി ക്ഷേത്രങ്ങൾ നമ്മുടെ കേരളത്തിലുണ്ട്. കാട്ടിലും വള്ളിപ്പടർപ്പിനുമിടയിൽ സ്ഥിതിചെയ്യുന്ന ഒരു ശിവക്ഷേത്രം അത്തരത്തിൽ പ്രത്യേകത നിറഞ്ഞതാണ്. വിവാഹം നടക്കാൻ മഹാ മംഗല്യപൂജ, ഉമാമഹേശ്വരി പൂജ, സദ്‌സന്താനങ്ങളുണ്ടാകാൻ ദമ്പതിപൂജ എന്നിവ ഈ ക്ഷേത്രത്തിൽ വഴിപാടായി നടത്താറുണ്ട്.

മലപ്പുറം ജില്ലയിലെ പ്രശസ്‌തമായ കാടാമ്പുഴ ക്ഷേത്രത്തിൽ നിന്ന് അഞ്ച് കിലോമീറ്റർ മാറി തടപ്പറമ്പ് റോഡിലൂടെ പോയാലാണ് തേവർചോല മഹാദേവ ക്ഷേത്രത്തിലെത്തുന്നത്. ഒരു ഗുഹാക്ഷേത്രമായ ഇത് ഇപ്പോൾ തകർച്ചയുണ്ടാകുമെന്ന ബുദ്ധിമുട്ടിലാണ്. കാടാമ്പുഴ മനക്കൽപടി വഴിയുള്ള ബസുകൾക്ക് തേവർചോല ക്ഷേത്രത്തിനടുത്തുള്ള കാവുംപുറത്ത് സ്റ്റോപ്പുണ്ട്.

പനക്കാട് ഇല്ലത്തിന്റെ വകയായ ക്ഷേത്രത്തിന്റെ താന്ത്രികാവകാശം പടിഞ്ഞേഴത്ത് ഇല്ലത്തിനാണ്. ഞായറാഴ്‌ചകളിൽ പ്രഭാത ഭക്ഷണം പതിവുണ്ട്‌. ഒരു മഹർഷിവര്യൻ സ്ഥാപിച്ച ക്ഷേത്രമാണിതെന്നാണ് വിശ്വാസം. ഇവിടെനിന്നും കാടാമ്പുഴ ക്ഷേത്രത്തിലേക്ക് ഒരു ഗുഹയുണ്ടെന്ന് പറയപ്പെടുന്നു.

ധനുമാസത്തിലെ തിരുവാതിര നാളിൽ ഇവിടെ നിരവധിപേർ എത്താറുണ്ട്. സാധാരണ ദിനങ്ങളിൽ ക്ഷേത്രം തുറക്കാറില്ല. ഞായറാഴ്‌ച രാവിലെ ആറ് മുതൽ 11.30 വരെയും ദർശനമുണ്ട്. മണ്ഡലം 41 ദിവസം വിശേഷദിവസങ്ങളിലും ക്ഷേത്രം തുറക്കും.സ്വയംഭൂവായ ശിവനും ശ്രീ പാർവതിയുമാണ് പ്രതിഷ്‌ഠ. ഒപ്പം ശ്രീ ഗണപതി, ശ്രീ അയ്യപ്പൻ, ശ്രീ ഭഗവതി എന്നിവ‌ർ ഉപദേവതമാരാണ്.