മന്ത്രി ജി.ആർ. അനിൽ എഴുതുന്നു: 'കേരളകൗമുദി പ്രതിഫലിപ്പിച്ചത് അതേ വികാരം'
ഓണത്തിന് അധിക വിഹിതം നല്കണം എന്ന തലക്കെട്ടിൽ കേരളകൗമുദി പ്രസിദ്ധീകരിച്ച എഡിറ്റോറിയൽ (ജൂലായ് 04) സമയോചിതവും ശ്രദ്ധേയവുമായി. മലയാളികളുടെ ഏറ്റവും വലിയ ഉത്സവമായ ഓണത്തിനു പോലും അർഹമായ പരിഗണന നല്കാൻ വിസമ്മതിക്കുന്ന കേന്ദ്ര സർക്കാരിന്റെ നിലപാട് തികച്ചും പ്രതിഷേധാർഹവും മലയാളികളെയാകെ അവഗണിക്കുന്നതിനു തുല്യവുമാണ്. കേരളത്തിനു മാത്രമായി ഓണക്കാലത്ത് അധിക വിഹിതം നല്കുവാൻ കഴിയില്ലെന്നാണ് മോദി സർക്കാരിന്റെ നിലപാട്.
അതേസമയം, ബി.ജെ.പി ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനം, അവരുടെ ഉത്സവകാലത്ത് വിതരണം ചെയ്യുന്നതിനായി അധിക ധാന്യം ചോദിച്ചിരുന്നെങ്കിൽ ഒരു മടിയുമില്ലാതെ അനുവദിച്ചേനേ. അത് രാഷ്ട്രീയമാണ്. എന്നാൽ, സംസ്ഥാനം ആവശ്യപ്പെട്ട വിഹിതം കേന്ദ്രം തന്നില്ലെങ്കിലും ഓണക്കാലത്ത് സപ്ളൈകോ വില്പനശാലകൾ വഴിയും റേഷൻകടകൾ വഴിയും ന്യായവിലയിൽ അധിക അളവിൽ അരി വിതരണം ചെയ്യാനാണ് പൊതുവിതരണ വകുപ്പിന്റെ തീരുമാനം.
റേഷൻ കാർഡ് ഉടമകൾക്ക് സപ്ളൈകോ വഴി കിലോയ്ക്ക് 29 രൂപയ്ക്ക് നല്കുന്ന രണ്ടുകിലോ പച്ചരിയും, 33 രൂപയ്ക്ക് നല്കുന്ന എട്ടു കിലോ ശബരി അരിയും വീണ്ടും വിലകുറച്ച് നല്കും. ഓണക്കാലത്ത് പൊതുവിപണിയിൽ പതിവുള്ള അമിത വിലയും കരിഞ്ചന്തയും ഒരുകാരണവശാലും സർക്കാർ അനുവദിക്കില്ല. എനിക്ക് ഇതെല്ലാം തുറന്നു പറയേണ്ടിവന്നത് കക്ഷിരാഷ്ട്രീയ പരിഗണനകളാലല്ല. മറിച്ച്, സംസ്ഥാനത്തിന്റെ ഉത്തമ താത്പര്യങ്ങൾ മുൻനിറുത്തിയാണ്. ഇതേ വികാരമാണ് 'കേരളകൗമുദി"യുടെ മുഖപ്രസംഗവും പ്രതിഫലിപ്പിച്ചത് എന്നതിൽ സന്തോഷമുണ്ട്.