'ചൂരൽമലക്കാരുടെ തട്ടുകട'യിൽ നഗരസഭയുടെ നടപടി

Saturday 05 July 2025 4:48 AM IST

സംസ്ഥാനത്തെ ഞെട്ടിച്ച ഉരുൾ ദുരന്തം നടന്നിട്ട് ജൂലായ് 30 ആകുമ്പോൾ വർഷം ഒന്ന് തികയും. എല്ലാം നഷ്ടപ്പെട്ട വേദനയിൽ നീറി കഴിയുന്ന ദുരിതബാധിതരുടെ കണ്ണുനീർ ഇനിയും തോർന്നിട്ടില്ല. മുണ്ടക്കൈ-ചൂരൽമല പ്രദേശങ്ങളിൽ അല്ലലും അലട്ടലും ഇല്ലാതെ കഴിഞ്ഞു പോന്നിരുന്ന ജനതയാണ് ഒരു രാത്രിയുടെ ഇരുട്ടിൽ ഒന്നുമില്ലാത്തവരായി മാറിയത്. കൂടപ്പിറപ്പുകളെ പോലും നഷ്ടപ്പെട്ടവർ സർക്കാരിന്റെ കാരുണ്യത്തിനായി ഇപ്പോഴും കാത്തിരിപ്പാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തത്ക്കാലത്തേക്കാണെങ്കിലും പറിച്ചു നടപ്പെട്ട ഇവരുടെ ജീവിതം ഇന്നും സാധാരണ നിലയിലെത്തിയിട്ടില്ല. ജീവിക്കാനുളള തന്ത്രപ്പാടിലാണ് ഉരുൾ ദുരിതബാധിതരിൽ ഏറെപ്പേരും. അവരിൽ ഒരാളാണ് ചൂരൽമല കൊയ്നാക്കുളം സ്വദേശി മുജീബ്. ഭാര്യ ആസ്യയും മക്കളും അടങ്ങുന്നതാണ് കുടുംബം. ചൂരൽമല സ്കൂൾ റോഡിൽ വിലക്ക് വാങ്ങിയ സ്ഥലത്ത് വീട് പണിക്കുളള തയ്യാറെടുപ്പുകൾ നടത്തുമ്പോഴാണ് പ്രതീക്ഷയ്ക്കുമേൽ കരിനിഴൽ പരത്തി ദുരന്തമെത്തിയത്. വീടിനായി പണിത തറയ്ക്ക് മുകളിലൂടെയാണ് ഈ കാലവർഷത്തിലും പുന്നപ്പുഴ നിറഞ്ഞൊഴുകിയത്. ദുരന്തത്തിനു ശേഷം മുണ്ടേരിയിലെ സർക്കാർ ക്വാർട്ടേഴ്സിലാണ് കുടുംബത്തിന്റെ താമസം.

എല്ലാം ഒന്നിൽ നിന്ന്

തുടങ്ങി പക്ഷേ....

എന്തു ചെയ്യണമെന്നറിയാതെ നിന്ന മുജീബിന്റെ മുന്നിലേക്ക് ദൈവത്തെപ്പോലെയാണ് പീപ്പിൾസ് ഫൗണ്ടേഷൻ പ്രവർത്തകർ എത്തിയത്. ഉപജീവനമാർഗത്തിനായി തട്ടുകട നടത്താനുളള സാമ്പത്തിക സഹായം ഫൗണ്ടേഷൻ നൽകി. കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂളിന് മുന്നിലായി കഴിഞ്ഞ ജനുവരി രണ്ടിന് തട്ടുകടയും സ്ഥാപിച്ചു. 'ചൂരൽമലക്കാരുടെ തട്ടുക' എന്ന് പേരും നൽകി. വലിയ ലാഭമൊന്നും ഇല്ലെങ്കിലും നിത്യവൃത്തിക്കുള്ള വരുമാനം തട്ടുകടയിൽ നിന്ന് ലഭിച്ചു. ഉരുൾദുരിത ബാധതിരുടെ സംരംഭമായതു കൊണ്ട് അറിയുന്നവർ ഇവിടേക്ക് എത്തിയും മറ്റുള്ളവരോട് പറഞ്ഞും ഈ ചൂരൽമലക്കാരെ സഹായിച്ചു. ഒപ്പം നല്ല ഭക്ഷണം കൊടുക്കാൻ മുജീബും ഭാര്യ ആസ്യയും ഉത്സാഹവും കാണിച്ചു. സ്ഥിരമായ ചായ കുടിക്കാൻ വരുന്നവർ ധാരാളമായിരുന്നു. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ ഇതുവഴി പ്രഭാത സവാരിക്കിറങ്ങിയവരാണ് കൽപ്പറ്റ നഗരസഭയുടെ കണ്ണിൽ ചോരയില്ലാത്ത ആ കാഴ്ച ആദ്യം കണ്ടത്. നഗരസഭ ജീവനക്കാർ ഇവരുടെ സ്വപ്നം തല്ലിതകർത്തു. തട്ടുകടയുടെ മുഴുവൻ സാധനങ്ങളും മുനിസിപ്പാലിറ്റിയിലേക്ക് എടുത്തു കൊണ്ടുപോയി. മുജീബിനോടും ആസ്യയോടും സ്നേഹമുള്ള കുറച്ചു പേർ അറിയിച്ചപ്പോഴാണ് അവരും വിവരം അറിയുന്നത്. കേട്ടപാടെ അവർ തട്ടുകട നിന്ന സ്ഥലത്തേക്ക് ഓടിയെത്തിയപ്പോൾ തട്ടുകടയുടെ സ്ഥാനത്ത് നിലത്ത് വിരിച്ച ഷീറ്റ് മാത്രമാണുണ്ടായിരുന്നത്. കസേരകൾ, ടേബിളുകൾ, ഗ്ളാസുകൾ, ഭക്ഷ്യസാധനങ്ങൾ ഇട്ടുവച്ച വലിയ ചില്ലു കുപ്പികൾ അടക്കം എടുത്ത് കൊണ്ടുപോയി. ബുധനാഴ്ച രാത്രിയിൽ കച്ചവടം ചെയ്യാനുള്ള ദോശമാവ് ഉൾപ്പെടെ തയ്യാറാക്കി വച്ചിരുന്നു. ആകെയുള്ള വരുമാനം നിലച്ചതോടെ ആസ്യയ്ക്കും സങ്കടം സഹിയ്ക്കാനായില്ല. ഇവരുടെ സങ്കടം കണ്ടുനിന്നവരുടെ മനസുപോലും വേദനിപ്പിക്കുന്നതായിരുന്നു. വിവരമറിഞ്ഞ് യുവജന സംഘടനകളും സന്നദ്ധ സംഘടനാ പ്രവർത്തകരും സ്ഥലത്തേക്ക് ഓടിയെത്തി. നഗരസഭയുടെ നടപടിയ്ക്കെതിരെ ശക്തമായി പ്രതിഷേധിച്ചു. യു.ഡി.എഫ്. ഭരിക്കുന്ന കൽപ്പറ്റ നഗരസഭയുടെ ചെയർമാൻ അഡ്വ. ടി.ജെ. ഐസക്കാണ്. നഗരസഭയുടെ കണ്ണിൽ ചോരയില്ലാത്ത പ്രവൃത്തി അദ്ദേഹം അറിഞ്ഞില്ലത്രെ! ദുരിതബാധിതരെ ഏവരും ചേർത്തു നിറുത്തുമ്പോഴാണ് കൽപ്പറ്റ നഗരസഭയുടെ മാപ്പർഹിക്കാത്ത ക്രൂരനടപടി. പ്രതിഷേധം ആളിപ്പടർന്നപ്പോൾ നഗരസഭാ ചെയർമാൻ തന്നെ പറഞ്ഞു. പൊളിച്ച തട്ടുകട തങ്ങൾ തന്നെ പുതുക്കി പണിത് അവിടെ തന്നെ പ്രവർത്തിപ്പിക്കാൻ തയ്യാറാണെന്ന്. വ്യാഴാഴ്ച തട്ടുകട പുനർനിർമ്മിച്ചിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ. ഹയർ സെക്കണ്ടറി സ്കൂളിന് മുന്നിൽ തന്നെ സ്ഥാപിക്കാൻ അനുമതി നൽകുകയും ചെയ്തു. അറിയാഞ്ഞിട്ട് ചോദിക്കുകയാണ്. പിന്നെ, എന്തിന് വേണ്ടിയായിരുന്നു ഈ സാഹസം ?

നടപടി

സാധാരണകാർക്കെതിരെ

മാത്രമോ?

സ്കൂൾ പരിസരത്തെ താത്ക്കാലിക ഷെഡ്ഡുകൾ വിദ്യാർത്ഥികൾക്ക് അസൗകര്യം ഉണ്ടാക്കുന്നുവെന്നാരോപിച്ച് സ്കൂൾ അധികൃതർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് ഒരു നോട്ടീസ് പോലും നൽകാതെ തട്ടുകട പൊളിച്ചു മാറ്റാൻ നഗരസഭ അധികൃതർ ഉത്സാഹം കാണിച്ചത്. എന്നാൽ അമ്പതു മീറ്റർ അടുത്തായുള്ള മറ്റു രണ്ടു കടകൾ അധികൃതർ പൊളിച്ച് മാറ്റിയിട്ടുമില്ല. എന്തോ പ്രതികാര നടപടിയെന്ന നിലയിലായിരുന്നു നഗരസഭ അധികൃതരുടെ പെരുമാറ്റം. തട്ടുകടയുടെ മുന്നിൽ തങ്ങളുടെ ഫോൺ നമ്പർ രേഖപ്പെടുത്തിയിരുന്നെങ്കിലും വിളിച്ചറിയിക്കാൻ പോലും തയാറായില്ല. സാധാരണ വൈകുന്നേരം ആരംഭിക്കുന്ന കച്ചവടം അർദ്ധരാത്രി വരെ നീണ്ടുനിൽക്കും. ഇതിനുശേഷം വീട്ടിലെത്തിയ ശേഷമാണ്.

നഗരസഭ ചുമതലപ്പെടുത്തിയത് അനുസരിച്ച് മുൻ നഗരസഭാ ചെയർമാൻ കെ.എം തൊടി മുജീബ് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകി. ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ അനധികൃതമായി നിരവധി കെട്ടിടങ്ങൾ തലയുർത്തി നിൽക്കുന്നുണ്ട്. പലതും പണിയുന്നുമുണ്ട്. അതിനൊന്നും യാതൊരു കുഴപ്പവുമില്ല. പുഴയോരം ഇടിച്ച് നിരത്തി കെട്ടിടം പണിയുന്നതും ജില്ലാ ആസ്ഥാനത്ത് തന്നെയാണ്. അതൊന്നും നഗരസഭ കാണുന്നില്ല. കണ്ടാൽ തന്നെ നടപടിയുമില്ല. വൻകിടക്കാരുടെ മുന്നിൽ നഗരസഭക്ക് നിയമം നടപ്പിലിക്കാൻ മടിയാണ്. ഭയമാണ്. അഷ്ടിക്ക് വക തേടി ജീവിക്കാൻ വേണ്ടി ആസ്യയും ഭർത്താവും ഉറക്കമൊഴിച്ച് ജോലി ചെയ്യുന്നത് നഗരസഭക്ക് കാണാൻ കഴിഞ്ഞില്ല. ഈ ക്രൂരനടപടിയെ എന്ത് പറഞ്ഞാണ് വിശേഷിപ്പിക്കേണ്ടത്. ഒരാേ ദിനവും നീറിനീറിയാണ് ഉരുൾ ദുരിതബാധിതർ കഴിച്ചു കൂട്ടുന്നത്. അവരെ സഹായിച്ചില്ലെങ്കിലും ഇതേ പോലെ ഉപദ്രപിക്കാതിരുന്നാൽ മാത്രം മതി.