എലിവേറ്റഡ് ഹൈവേ കാത്ത് തീരദേശവാസികൾ

Saturday 05 July 2025 1:06 AM IST

കടയ്ക്കാവൂർ: തീരദേശപാത വികസനവുമായി ബന്ധപ്പെട്ട് എലിവേറ്റഡ് ഹൈവേ നിർമ്മിക്കണമെന്നാവശ്യവുമായി അഞ്ചുതെങ്ങിലെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും.വർദ്ധിച്ച് വരുന്ന വാഹനപ്പെരുപ്പം, റോഡിന്റെ പരിമിതികൾ, പ്രദേശത്തെ ജനത്തിരക്ക്, സ്ഥല പരിമിതി എന്നിവകൊണ്ട് വീർപ്പുമുട്ടുന്ന പ്രദേശവാസികളാണ് എലിവേറ്റഡ് ഹൈവേ എന്നാവശ്യം സർക്കാരിന് സമർപ്പിച്ചത്.

നിലവിലെ റോഡ് വീതികൂട്ടി പാത നിർമ്മിക്കുകയാണെങ്കിൽ, നിരവധി കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരികയും തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിന് പോകാൻ ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യുമെന്നാണ് പ്രദേശവാസികളുടെ ഭീതി.

എലിവേറ്റഡ് ഹൈവേ വരികയാണെങ്കിൽ ഒരാളെ പോലും കുടിയൊഴിപ്പിക്കേണ്ടി വരികയില്ല, തീരം സംരക്ഷിക്കാനുള്ള നടപടികളുണ്ടാകുമെന്നും ജനങ്ങൾ പറയുന്നു.

കടൽ കയറി തീരവും,വീടും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥയിൽ നിലവിലെ റോഡ് വീതി കൂട്ടി തീരദേശപാത വികസനം നടപ്പിലാക്കിയാൽ റോഡ് കടലെടുക്കുമെന്നാണ് നാട്ടുകാർ ഭയപ്പെടുന്നത്.

എലിവേറ്റഡ് ഹെെവേ വന്നാൽ

തിരുവനന്തപുരം- കൊല്ലം ഭാഗത്തേക്ക്‌ പോകുന്ന വാഹനങ്ങൾ നിലവിലെ റോഡിൽ കയറാതെ എലിവേറ്റഡ് റോഡ് വഴി പോകുകയും നിലവിലെ റോഡിൽ തിരക്ക് കുറയുകയും ചെയ്യുമെന്നാണ് അറിയുന്നത്.

4 കിലോമീറ്റർ

നിലവിൽ അഞ്ചുതെങ്ങിലെ വിസ്തൃതി 3.36 സ്ക്വയർ കിലേമീറ്ററാണ്.അതിൽ കിഴക്ക് ഭാഗത്ത് അഞ്ചുതെങ്ങ് കായലും പടിഞ്ഞാറ് അറബിക്കടലുമാണ്.എലിവേറ്റഡ് ഹെെവേ പെരുമാതുറ മുതൽ രണ്ടാം പാലം വരെ 4 കിലോമീറ്റർ വിസ്തൃതിയിലാണ് നിർമ്മിക്കാനുള്ളത്.