റോമിൽ തെളിഞ്ഞ കളരി വിളക്ക്
ചരിത്രവും സംസ്‌കാരവും സമന്വയിക്കുന്ന റോമിലെ 'ചിന ചിതാ വേൾഡ്" എന്ന പ്രൗഢ ഗംഭീര വേദിയിൽ നില്ക്കുമ്പോൾ ഗുരുക്കൾ എസ്. മഹേഷ് ഓർത്തത് അച്ഛനെയാണ്. കളരി പഠനത്തിനെത്തുന്ന മറ്റു കുട്ടികൾക്കൊപ്പം പരിശീലനം നൽകി കേരളത്തിന്റെ തനത് ആയോധനകലയുടെ വിസ്മയലോകത്തേയ്ക്ക് തന്നെ കൈപിടിച്ചു നയിച്ച സനൽ ഗുരുക്കളെ. തെക്കൻ കളരിയെ ആഴത്തിൽ മനസിലാക്കിയ അപൂർവം ഗുരുക്കന്മാരിൽ ഒരാളായിരുന്നു സനൽകുമാർ. തിരുവനന്തപുരം നേമത്തുള്ള 'അഗസ്ത്യം" കളരിയിലെ നാലാം തലമുറ ഗുരുക്കൾ. കളരിയിലെ ആയോധനത്തെയോ, ചികിത്സാ പദ്ധതിയെയോ, അഭ്യാസമുറകളെയോ അടവുകളെയോ വേർതിരിച്ചു പഠിക്കുക എന്നതിനപ്പുറത്ത് കളരിയെ ആകെ അറിയാനുള്ള ആവേശമാണ് അച്ഛൻ സിരകളിൽ നിറച്ചത്.
'ചിന ചിതാ വേൾഡി"ൽ നിന്ന് കളരിയുടെയാകെ ശക്തി സൗന്ദര്യങ്ങളെപ്പറ്റി ലോകത്തോട് സംസാരിക്കുമ്പോൾ അച്ഛന്റെ വാക്കുകൾ തന്നെയാണ് മഹേഷ് ഗുരുക്കളിൽ ആവേശിച്ചത്. ജൂൺ 14, 15 തീയതികളിൽ റോമിൽ നടന്ന അന്താരാഷ്ട്ര മാർഷ്യൽ ആർട്ട്സ് ആൻഡ് ഹോളിസ്റ്റിക് ഡേ (ഐ.എം.എ.ഡി) ഫെസ്റ്റിവലിൽ ഇന്ത്യയിൽ നിന്നെത്തിയ ആയോധനകല കളരിപ്പയറ്റായിരുന്നു. മേളയുടെ കാൽ നൂറ്റാണ്ടു നീളുന്ന ചരിത്രത്തിൽ ആദ്യമാണ് ഒരു ഇന്ത്യൻ ഗുരു പങ്കെടുക്കുന്നത്. കളിപ്പയറ്റിനെപ്പറ്റി സംസാരിക്കാനും അഭ്യാസപ്രകടനം അവതരിപ്പിക്കാനുമാണ് സംഘാടകർ മഹേഷിനെ ക്ഷണിച്ചത്. തിരുവനന്തപുരത്തെ 'അഗസ്ത്യം" കളരിയുടെ ഗുരുക്കളും, 'അഗസ്ത്യം ഫൗണ്ടേഷൻ" സ്ഥാപകനുമാണ് ഗുരുക്കൾ ഡോ. എസ്.മഹേഷ്.
ലോകമെമ്പാടും നിന്നുള്ള വ്യത്യസ്ത ആയോധന പാരമ്പര്യങ്ങൾക്കും സംസ്‌കാരങ്ങൾക്കും പരസ്പര വിനിമയമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂണിയൻ ഇറ്റാലിയോന കുങ് ഫു ട്രഡിഷിയോണേൽ (യു.ഐ.കെ.ടി )എല്ലാ വർഷവും മേള സംഘടിപ്പിക്കുന്നത്. മേളയുടെ ഇരുപത്തഞ്ചാം എഡിഷനായിരുന്നു ഇത്തവണത്തേത്. അന്താരാഷ്ട്ര പ്രശസ്തി നേടിയ ഗ്രാൻഡ് മാസ്റ്റേഴ്സ്, നൂറിലേറെ മാസ്റ്റേഴ്സ്, ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള 250 ക്ലബ്ബുകൾ, പതിനായിരത്തിലധികം സന്ദർശകർ എന്നിവരുടെ സജീവ പങ്കാളിത്തമായിരുന്നു പരിപാടിയുടെ ഹൈലൈറ്റ്. യൂറോപ്യൻ ആയോധനകലകൾക്കു പുറമേ കുങ് ഫു, മുവാ തായ്, കരാട്ടേ തുങ്ങിയവയും പാരമ്പര്യത്തനിമയോടെ മേളയുടെ ഭാഗമാവാറുണ്ടെങ്കിലും കളരിപ്പയറ്റ് ഇതാദ്യമായാണ് ഈ അന്താരാഷ്ട്ര മേളയിലെത്തുന്നത്.
വിവിധ രാജ്യങ്ങളിൽ നിന്നു വന്ന ആയോധനപ്രതിഭകൾക്കു മുന്നിൽ കളരിപ്പയറ്റിലെ അടിസ്ഥാന ചുവടുകൾ, അഭ്യാസങ്ങൾ, കളരിയുടെ സവിശേഷമായ അഷ്ടവടിവുകൾ, കളരിയിലെ പൂട്ടുകളും പിരിവുകളും എന്നീ വിഷയങ്ങൾ മഹേഷ് ഗുരുക്കൾ അവതരിപ്പിച്ചു. ഇതിനു പുറമേ കളരിയിലെ ഏതാനും ചുവടുകളും അടവുകളും മാസ്റ്റേഴ്സിനെ പരിശീലിപ്പിച്ച്, വേദിയിൽ അവതരിപ്പിക്കാനായത് അഭിമാനകരമായ അനുഭവമായിരുന്നുവെന്ന് മഹേഷ് ഗുരുക്കൾ പറയുന്നു. ആയോധന കലയുടെ മാതാവ് എന്ന നിലയിൽ കളരിപ്പയറ്റിനുള്ള സ്ഥാനം അടിവരയിട്ട് ലോകത്തിനു മുന്നിൽ അടയാളപ്പെടുത്താനായതും വലിയ നേട്ടമായി. കളരിപ്പയറ്റിനെപ്പറ്റി കൂടുതൽ അറിയാനും ആഴത്തിൽ മനസിലാക്കാനുമുള്ള താത്പര്യം ഏവരിലും ജനിപ്പിക്കാനായതാണ് ആഹ്ലാദകരമായ മറ്റൊരു നേട്ടമെന്ന് മഹേഷ് കൂട്ടിച്ചേർക്കുന്നു.
കളരിപ്പയറ്റ് ജ്ഞാന പദ്ധതിയുടെ അസാമാന്യമായ സദ്ഫലങ്ങൾ എല്ലാ വിഭാഗം ജനങ്ങളിലുമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരുവനന്തപുരത്ത് 'അഗസ്ത്യം" ഫൗണ്ടേഷൻ സ്ഥാപിച്ച് മഹേഷ് പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യൻ നോളജ് സിസ്റ്റത്തിന്റെ (IKS) അംഗീകാരമുള്ള ഏക കളരി പഠന ഗവേഷണ സ്ഥാപനമാണ് 'അഗസ്ത്യം" ഇപ്പോൾ. സ്ത്രീകളെ സ്വയം പ്രതിരോധത്തിന് സജ്ജരാക്കുന്ന 'ശക്തി", ഏത് പ്രായത്തിലുള്ളവരെയും കളരി പരിശീലനത്തിലൂടെ ആരോഗ്യകരമായ ശാരീരികാവസ്ഥയിലേക്കെത്തിക്കാനുതകുന്ന 'നല്ലുടൽ" തുടങ്ങി വിവിധ പരിപാടികളും 'അഗസ്ത്യം" സംഘടിപ്പിച്ചു പോരുന്നു.
കേരള പൊലീസ്, ഇന്ത്യൻ ആർമി തുടങ്ങി വിവിധ സൈനിക- അർദ്ധസൈനിക വിഭാഗങ്ങൾക്കും 'അഗസ്ത്യം" കളരി പരിശീലനം നൽകിവരുന്നുണ്ട്. ഇത്തരം പ്രവർത്തനങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് ഡോ. മഹേഷിന് റോമിലെ മേളയിലേക്ക് ക്ഷണം ലഭിച്ചത്. ആയോധനകലയുടെ ശക്തി, അച്ചടക്കം, വ്യത്യസ്തത, സൗന്ദര്യം എന്നിവ ആഘോഷിക്കുന്ന ഐ.എം.എ.ഡി ഫെസ്റ്റിവലിന് വെറുമൊരു രാജ്യാന്തര മേളയ്ക്ക് അപ്പുറമുള്ള സ്വീകാര്യതയാണുള്ളത്.
ശാരീരിക സ്വാസ്ഥ്യത്തിനും അവബോധത്തിനും ഊന്നൽ നൽകുന്ന പരിപാടികൾ ഉൾക്കൊള്ളുന്ന 'വെൽനസ് എക്സ്‌പോ" യും മേളയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. അന്താരാഷ്ട്രതലത്തിൽ പ്രശസ്തരായ ആയോധനവിദഗ്ദ്ധർ ശരീരത്തെയും മനസിനെയും പുനരുജ്ജീവിപ്പിക്കുന്നതിനുള്ള സമഗ്രമായ ചികിത്സാരീതികൾ ഈ പരിപാടിയിലൂടെ പൊതുജനങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചു.
പുരാതന റോമിന്റെ തനത് സാംസ്‌കാരികപ്പെരുമ, ആധുനിക മനുഷ്യന്റെ പ്രധാന വിനോദോപാധിയായ സിനിമ എന്നിവയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് നിർമ്മിച്ചതാണ് 'ചിന ചിതാ വേൾഡ്." ഒരു അമ്യൂസ്‌മെന്റ് പാർക്കിന്റെ സ്വഭാവമാണ് ഇതിനുള്ളത്. ഇറ്റലിയിലെ പഴയ ചലച്ചിത്ര നിർമ്മാണ സ്റ്റുഡിയോകളിൽ അധികവും സ്ഥിതിചെയ്ത സ്ഥലമാണിവിടം. മൂന്നുലക്ഷം ചതുരശ്ര മീറ്ററിനുള്ളിൽ ഏഴ് തീം ഏരിയകളും നാല്പതോളം അത്യാകർഷക കലാവിഷ്‌കാരങ്ങളും ആറ് പ്രതിദിന പ്രദർശനങ്ങളുമുണ്ട്. റോളർ കോസ്റ്ററുകൾ, വാട്ടർ റൈഡുകൾ, വെർച്വൽ റിയാലിറ്റി കാഴ്ചകൾ. ഇമ്മേഴ്സീവ് 4 ഡി ദിനോസർ ടണലുകൾ എന്നിവയും 'ചിന ചിതാ" യിലേക്ക് സന്ദർശകരെ ആകർഷിക്കുന്നു. എന്നാൽ പുരാതന റോമിലെ ജനകീയ പോരാട്ട കലയായിരുന്ന കൊളോസിയം ഏറ്റുമുട്ടലിന്റെ പുനരാവിഷ്‌കാരത്തിനായിരുന്നു മേളക്കാലത്ത് കാഴ്ചക്കാർ ഏറെ.