സൂര്യ എന്ന സൂര്യൻ
ശരവണൻ ശിവകുമാർ എന്ന സാധാരണ മനുഷ്യനിൽ നിന്ന് തെന്നിന്ത്യയുടെ ഹൃദയത്തുടിപ്പായ സൂര്യ എന്ന നടനിലേക്ക് 28 വർഷത്തെ ദൂരമുണ്ട്. ജൂലായ് 23ന് അൻപതാം പിറന്നാൾ ആഘോഷിക്കാൻ പോവുകയാണ് ആരാധകരുടെ സ്വന്തം നടിപ്പിൻ നായകൻ. ഇളക്കം തട്ടാതെ നിലനിൽക്കുന്നു സൂര്യയുടെ താരശോഭ. സിനിമ കുടുംബത്തിലാണ് ജനിച്ചതെങ്കിലും പഠനശേഷം സാധാരണ ജീവിതം ആഗ്രഹിച്ച സൂര്യ 22-ാം വയസിലാണ് ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. സൂര്യ എന്ന പേരിടുന്നത് സാക്ഷാൽ മണിരത്നം. കരിയറിൽ തുടക്കത്തിൽ പരാജയങ്ങളും വെല്ലുവിളികളും ഏറെ നേരിട്ടു. എന്നാൽ പെട്ടെന്നു തന്നെ തമിഴ് സിനിമാലോകത്ത് ശ്രദ്ധിക്കപ്പെടുന്ന താരമായി ഉയരാൻ സൂര്യയ്ക്കു കഴിഞ്ഞു. 2001ൽ പുറത്തിറങ്ങിയ ഫ്രണ്ട്സ്, നന്ദ എന്നീ ചിത്രങ്ങൾ കരിയർ ഗ്രാഫ് ഉയർത്തി. 2003ൽ റിലീസ് ചെയ്ത കാക്ക കാക്ക കരിയർ മാറ്രി വരച്ചു. ഈ സിനിമയിലൂടെയാണ് സൂര്യയും ജ്യോതികയും അടുത്ത സുഹൃത്തുക്കളായി മാറുന്നത്. ഗജനി, അയൺ, ഏഴാം അറിവ്, സിങ്കം എന്നീ സിനിമകൾ താരമൂല്യം സമ്മാനിച്ചു.എന്നാൽ കരിയറിലെ നല്ല സമയത്തും ഉയരക്കുറവിന്റെ പേരിൽ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടിട്ടുണ്ട്. അതിനെ എല്ലാം അഭിനയം കൊണ്ട് ഇന്ത്യൻ സിനിമയിലെ തന്നെ മുൻനിര നായകന്മാരിൽ ഒരാളായി മാറ്റി സൂര്യ മറുപടി കൊടുത്തു.രണ്ടു തവണ മികച്ച നടൻ എന്ന ദേശീയ പുരസ്കാരവും നേടി. ആർ.ജെ. ബാലാജിയുടെ സംവിധാനത്തിൽ 45-ാമത് സിനിമ കറുപ്പ് ആണ് സൂര്യയുടെ അടുത്ത റിലീസ്. കറുപ്പിന്റെ പുതിയ വിശേഷം പിറന്നാൾ ദിനത്തിൽ ആരാധകർ പ്രതീക്ഷിക്കുന്നു. പഠനം ഉപേക്ഷിക്കേണ്ടി വരുന്ന കുട്ടികളെ സഹായിക്കാൻ സൂര്യയുടെ നേതൃത്വത്തിൽ ആരംഭിച്ച അഗരം ഫൗണ്ടേഷൻ പിറന്നാൾ ദിനത്തിൽ നിരവധി പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നുണ്ട്. ജ്യോതികയ്ക്കും മക്കൾക്കും ഒപ്പം മുംബ യ് യിൽ കുടുംബജീവിതം സിനിമയേക്കാൾ സൂര്യ ആനന്ദകരമാക്കുന്നു.