ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ 1.3 കോടി തട്ടിയെടുത്ത പ്രതി പിടിയിൽ
Saturday 05 July 2025 2:34 AM IST
ആലപ്പുഴ: ഓൺലൈൻ ട്രേഡിംഗ് വ്യാപാരത്തിനായി ടെലിഗ്രാം അക്കൗണ്ടിലൂടെ ചാറ്റ് ചെയ്ത് പലതവണയായി വെൺമണി സ്വദേശിയുടെ കയ്യിൽ നിന്ന് ഒരു കോടി മുപ്പത് ലക്ഷത്തി ഇരുപത്തിയയ്യായിരം രൂപ തട്ടിയെടുത്ത കേസിൽ രാജസ്ഥാൻ ശ്രീഗംഗാനഗർ സ്വദേശിയായ സുനിലിനെ (26) ജില്ലാ ക്രൈം ബ്രാഞ്ച് പാക്കിസ്ഥാൻ ബോർഡറായ ശ്രീഗംഗാനഗറിൽ നിന്ന് പിടികൂടി.വെണ്മണി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ജില്ലാ ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ജില്ലാ പൊലീസ് മേധാവി എം.പി മോഹനചന്ദ്രന്റെ നിർദ്ദേശപ്രകാരം ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി എസ്.ന്യൂമാന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുബാഷ് ബാബു, അഗസ്റ്റിൻ വർഗീസ്, സുധീർ എ, സജികുമാർ, വിനോദ് വി.വി, സി.പി.ഒ.മാരായ ബൈജു സ്റ്റീഫൻ, സനൽ, അനൂപ്, അർഫാസ് അഷറഫ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.