യാത്രക്കാരുടെ ദുരിതം കൂട്ടി റോഡുകളുടെ നിർമ്മാണം ഇഴഞ്ഞുനീങ്ങുന്നു
കിളിമാനൂർ: പൊതുമരാമത്ത് റോഡുകളുടെ നവീകരണം ഇഴഞ്ഞുനീങ്ങുന്നു. നാവായിക്കുളം - തുമ്പോട് - കൈതോട്,കുറവൻകുഴി - അടയമൺ - തൊളിക്കുഴി റോഡുകളുടെ നിർമ്മാണമാണ് ഇഴഞ്ഞിഴഞ്ഞ് നീങ്ങുന്നത്. ജലഅതോറിട്ടിയുടെ പൈപ്പിടൽ വൈകുന്നതാണ് നിർമ്മാണം നീളാൻ കാരണം.
തകർന്ന റോഡിലൂടെയുള്ള യാത്ര ദുരിതമായതോടെ,ക്വാറി വേസ്റ്റിട്ട് കുഴിയടയ്ക്കൽ മാത്രം തുടങ്ങിയിട്ടുണ്ട്. റോഡിൽ തുമ്പോട് മുതൽ കൈതോട് വരെയുള്ള ഭാഗത്ത് പൈപ്പ് സ്ഥാപിച്ചെങ്കിലും, ഇവിടെ കുറച്ച് ഭാഗത്ത് മാത്രമാണ് ടാറിംഗ് നടത്തിയത്.
ടാർ വെട്ടിപ്പൊളിച്ച ഭാഗങ്ങളിലും ഓട നിർമ്മാണം നടന്നിടത്തും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചില്ലെന്നും പരാതിയുയർന്നിരുന്നു. നാവായിക്കുളം - തുമ്പോട് റോഡിൽ പൈപ്പിടൽ പൂർത്തിയായാൽ പണി ആരംഭിക്കുമെന്ന് പൊതുമരാമത്ത് സങ്കേതിക വിഭാഗം പറയുന്നു. നിർമ്മാണ കരാർ പുതുക്കി നൽകുന്നതിനുള്ള നടപടിയും സ്വീകരിക്കും.തകർന്ന ഭാഗങ്ങളിൽ താത്കാലികമായി കുഴികളടച്ച് ഗതാഗതയോഗ്യമാക്കാൻ നടപടിയെടുത്തിട്ടുണ്ട്.തൊളിക്കുഴി റോഡിന്റെ അപകട സാദ്ധ്യതയുള്ള ഭാഗങ്ങളിൽ നിർമ്മാണം നടത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് എൻജിനിയറിംഗ് വിഭാഗം അറിയിച്ചു.
പരാതിയൊഴിയാതെ
11.2 കിലോമീറ്റർ ദൈർഘ്യമുള്ള റോഡാണിത്. 2018ലെടുത്ത എസ്റ്റിമേറ്റിനെ അടിസ്ഥാനമാക്കി ഒൻപത് കോടി രൂപയ്ക്ക് 2022ൽ കരാറായി. എന്നാൽ നിർമ്മാണം തുടങ്ങിയില്ല.തകർന്ന റോഡിൽ നിരവധി അപകടങ്ങളും മരണവുമൊക്കെ ഉണ്ടായതോടെ നാട്ടുകാർ പ്രതിഷേധിച്ചു. തുടർന്ന് തുമ്പോട് മുതൽ കൃഷ്ണൻകുന്ന് വരെയുള്ള ഭാഗം റീടാർ ചെയ്തു.
കത്ത് നൽകി കരാറുകാരൻ
മൂന്ന് വർഷം മുൻപ് കരാറായ തുകയ്ക്ക് പണി തുടരാനാവില്ലെന്ന് കാട്ടി കരാറുകാരൻ പൊതുമരാമത്ത് വകുപ്പിന് കത്ത് നൽകിയിട്ടുണ്ട്. തുമ്പോട് - നാവായിക്കുളം പൈപ്പിടൽ ജോലികൾ എന്നുതീരുമെന്നതു സംബന്ധിച്ച് രണ്ട് വകുപ്പുകൾക്കും നിശ്ചയമില്ല.
പാളിയ പണി
പനപ്പാംകുന്നിൽ കുറച്ച് ഭാഗത്ത് ടാർ ചെയ്തു.തുമ്പോട് - നാവായിക്കുളം റോഡിൽ വലിയ കുഴികളടച്ചു.എന്നാൽ മഴ വന്നതോടെ അതെല്ലം ഒലിച്ചുപോയി.
പ്രതിഷേധം ശക്തം
കുറവൻകുഴി - അടയമൺ - തൊളിക്കുഴി റോഡ് നിർമ്മാണം തുടക്കം മുതൽ പരാതികളുമായാണ് നീങ്ങുന്നത്.ജനുവരി 4നാണ് പണിയാരംഭിച്ചത്.നിർമ്മാണത്തിനിടെ കുടിവെള്ള പൈപ്പ് നന്നാക്കാതിരുന്നതും,അനുകൂല കാലാവസ്ഥയിലും നിർമ്മാണം പാതിയിൽ നിറുത്തിവച്ചതോടെ അപകടങ്ങൾ പതിവായതും നാട്ടുകാരിൽ പ്രതിഷേധത്തിനിടയാക്കി.