കൊച്ചിയിൽ പുതിയ വീട് ശ്രീകൃഷ്ണം സ്വന്തമാക്കി ശാന്തികൃഷ്ണ

Saturday 05 July 2025 6:32 AM IST

കൊച്ചിയിൽ പുതിയ വീട് സ്വന്തമാക്കി മലയാളത്തിന്റെ പ്രിയ താരം ശാന്തി കൃഷ്ണ. അമ്മയും സഹോദരങ്ങളും അടുത്ത ബന്ധുക്കളും മാത്രമാണ് ശ്രീകൃഷ്ണം എന്ന പേരിട്ട വീടിന്റെ ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുത്തത്. വർഷങ്ങളായി ബംഗ്ളൂരുവിലായിരുന്നു ശാന്തികൃഷ്ണയുടെ താമസം. മകനും മകളും ഇപ്പോൾ അമേരിക്കയിൽ ഉപരിപഠനം നടത്തുകയാണ്. ശാന്തികൃഷ്ണയെ അന്വേഷിക്കുന്ന സിനിമാക്കാർക്ക് ചെന്നൈയിലാണോ യുഎസിലാണോ ബംഗ്ളൂരിവലാണോ എന്നറിയാത്ത സ്ഥിതിയായിരുന്നു. പുതിയ വീട് കൊച്ചിയിൽ തന്നെ എന്ന തീരുമാനത്തിൽ ശാന്തികൃഷ്ണ എത്തുകയായിരുന്നു. ഗൃഹപ്രവേശ ചിത്രങ്ങൾ ശാന്തികൃഷ്ണ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു. ആഘോഷമായാണ് ചടങ്ങുകൾ നടന്നത്.

പ്രേക്ഷകർ എന്നെന്നും ഓർക്കുന്ന ഒരുപിടി കഥാപാത്രങ്ങളിലൂടെ ഇടം നേടിയ നടിയാണ് ശാന്തികൃഷ്ണ. എൺപതുകളിൽ മലയാളം, തമിഴ് സിനിമാലോകത്ത് സജീവമായ ശാന്തികൃഷ്ണ കരുത്തുറ്റതും മലയാളത്തനിമയുമുള്ള വേഷങ്ങളിലൂടെ അക്കാലത്തെ നായികമാർക്കിടയിൽ തന്റേതായൊരു ഇടം കണ്ടെത്തി.

1976ൽ ‘ഹോമകുണ്ഡം’ എന്ന ചിത്രത്തിൽ അഭിനയിച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. 1981ൽ ഭരതൻ സംവിധാനം ചെയ്ത ‘നിദ്ര’ എന്ന ചിത്രമാണ് ശ്രദ്ധേയ ആക്കിയത്. ചെറുപ്രായത്തിൽ തന്നെ വിവാഹിതയായ പെൺകുട്ടിയുടെ വേഷമാണ് അവതരിപ്പിച്ചത്.

ഈണം, വിസ, മംഗളം നേരുന്നു, ഇതു ഞങ്ങളുടെ കഥ, കിലുകിലുക്കം, സാഗരം ശാന്തം, ഹിമവാഹിനി, ചില്ല്, സവിധം, കൗരവർ, നയം വ്യക്തമാക്കുന്നു, പിൻ‌ഗാമി, വിഷ്ണുലോകം, എന്നും നന്മകൾ, പക്ഷേ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു.

1997ൽ അഭിനയത്തോട് വിട പറഞ്ഞ ശാന്തികൃഷ്ണയെ പിന്നെ മലയാളി പ്രേക്ഷകർ കണ്ടത് 2017ൽ 'ഞണ്ടുകളുടെ വീട്ടിൽ ഒരിടവേള' എന്ന ചിത്രത്തിലാണ്. അരവിന്ദന്റെ അതിഥികൾ, എന്റെ ഉമ്മാന്റെ പേര്, വിജയ് സൂപ്പറും പൗർണമിയും, മിഖായേൽ, ലോനപ്പന്റെ മാമോദീസ, അതിരൻ, ശുഭരാത്രി, മാർഗംകളി, ഹാപ്പി സർദാർ, ഉൾട്ട, കിംഗ് ഓഫ് കൊത്ത, പാലും പഴവും തുടങ്ങി നിരവധി ചിത്രങ്ങളിൽ പിന്നീട് അഭിനയിച്ചു.മച്ചാന്റെ മാലാഖ ആണ് അവസാനം റിലീസ് ചെയ്ത ചിത്രം.