ഗവർണർ ഇന്ന് തളിപ്പറമ്പിൽ കനത്ത സുരക്ഷ

Saturday 05 July 2025 12:09 AM IST
ഗവർണർ രാജേന്ദ്ര ആർലേക്കർ

തളിപ്പറമ്പ്: രാജരാജേശ്വര ക്ഷേത്രത്തിൽ മൊട്ടമ്മൽ രാജൻ സമർപ്പിക്കുന്ന ശിവശില്പം അനാച്ഛാദനം ചെയ്യാനെത്തുന്ന ഗവർണർ രാജേന്ദ്ര ആർലേക്കറിന് പൊലീസ് കനത്ത സുരക്ഷയൊരുക്കും.

ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് ഗവർണർ തളിപ്പറമ്പിലെത്തുക. ഭാരതാംബ ചിത്ര വിവാദത്തെ തുടർന്ന് ഭരണകക്ഷിയും ഗവർണറും പോരിലാണ്. കൂടാതെ എസ്‌.എഫ്.ഐയും ഡി.വൈ.എഫ്.ഐയും ഗവർണർക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്.

തിരുവനന്തപുരത്ത് നിന്ന് മട്ടന്നൂർ വിമാനത്താവളത്തിലെത്തുന്ന ഗവർണർ റോഡ് മാർഗ്ഗം രാജരാജേശ്വര ക്ഷേത്രത്തിലെത്തും. പരിപാടി - കഴിയുന്നതുവരെ അദ്ദേഹം ക്ഷേത്രത്തിലുണ്ടാകും. പരിപാടി നടക്കുന്ന സ്ഥലത്തോ പരിസരത്തോ പ്രതിപക്ഷത്തിന്റെയോ ഭരണകക്ഷിയുടെയോ വിദ്യാർത്ഥി സംഘടനകളോ യുവജന സംഘടനകളോ ഒരു പ്രതിഷേധവും നടത്താൻ സാദ്ധ്യതയില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ ഗവർണർ തളിപ്പറമ്പിലേക്ക് വരുന്ന വഴിയിലെവിടെയെങ്കിലും വച്ച് കരിങ്കൊടി കാണിക്കുമോ എന്ന ആശങ്ക പൊലീസിനുണ്ട്. ഇത് ഒഴിവാക്കാൻ കനത്ത പൊലീസ് സുരക്ഷയാണ് ഇന്ന് ജില്ലയിൽ ഏർപ്പെടുത്തുന്നത്.

സുരക്ഷ സംബന്ധിച്ച് വിലയിരുത്താൻ തളിപ്പറമ്പ് ഡിവൈ.എസ്.പി. കെ.ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുത ലവന്മാരുടെ യോഗം ചേർന്നു. യോഗത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് പുറമെ പൊതുമരാമത്ത്, ഫയർഫോഴ്‌സ്, കെ.എസ്.ഇ.ബി തുടങ്ങിയ വിവിധ വകുപ്പുദ്യോഗസ്ഥരും പങ്കെടുത്തു.