ആദ്യപാദത്തിലെ വിതരണം പാളി , മണ്ണെണ്ണ കിട്ടാതെ കാർഡുടമകൾ

Saturday 05 July 2025 12:08 AM IST

ആലപ്പുഴ : സംസ്ഥാനത്ത് 2025 - 26ലെ ആദ്യപാദത്തിലെ (ഏപ്രിൽ-ജൂൺ) മണ്ണെണ്ണ വിതരണം അവസാനിക്കുകയും ഇന്നലെ മുതൽ അടുത്ത ഘട്ടത്തിലേക്കുള്ള സ്റ്രോക്കെടുക്കാൻ ആരംഭിക്കുകയും ചെയ്തെങ്കിലും ജില്ലയിൽ ഭൂരിഭാഗം ഉപഭോക്താക്കൾക്കും ആദ്യപാദത്തിൽ ലഭിക്കേണ്ട മണ്ണെണ്ണ കിട്ടിയില്ല. എ.എ.വൈ കാർഡുകൾക്ക് ഒരു ലിറ്ററും മറ്റ് കാർഡുകൾക്ക് അര ലിറ്റർ മണ്ണെണ്ണയുമാണ് ലഭിക്കുക.

കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളിൽ പേരിനു പോലും മണ്ണെണ്ണ ലഭിച്ചില്ല. ചേർത്തല,അമ്പലപ്പുഴ,കാർത്തികപ്പള്ളി താലൂക്കുകളിൽ മണ്ണെണ്ണ ലഭിച്ചെങ്കിലും പൂർണമായി വിതരണം നടന്നതുമില്ല. ആകെ നൽകേണ്ട മണ്ണെണ്ണയുടെ പകുതി പോലും ഇത്തവണ ജില്ലയിൽ വിതരണം ചെയ്യാനായില്ല. ജില്ലയിൽ മണ്ണെണ്ണ ഡിപ്പോകളുള്ളത് കാർത്തികപ്പള്ളി, അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിൽ മാത്രമാണ്. മാവേലിക്കര, കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിൽ ഡിപ്പോകളില്ലാത്തതിനാൽ മറ്റ് താലൂക്കുകളിൽ നിന്ന് സ്റ്റോക്ക് എടുക്കണം. സ്റ്റോക്ക് എത്തിക്കാൻ നിലവിലുള്ളത് ഒരു വാഹനം മാത്രമാണ്. രണ്ടുവർഷമായി മണ്ണെണ്ണ വിതരണം മുടങ്ങിയിരുന്നതിനാൽ പലരും ടാങ്കർ ലോറികൾ വിറ്റിരുന്നു

മൂന്ന് താലൂക്കുകളിൽ

 ഡിപ്പോകളുടെ കുറവ് വാഹനക്ഷാമം എന്നിവ കാരണം വ്യാപാരികൾക്ക് ആവശ്യമായ സ്റ്റോക്ക് ലഭിക്കാതെ വന്നു

 മണ്ണെണ്ണ ഡിപ്പോകൾ സ്റ്റോക്ക് എടുക്കാതിരുന്നതാണ് വിതരണം നടക്കാത്തതിന് കാരണമായതെന്ന് റേഷൻ വ്യാപാരികൾ

 വിതരണം വൈകി ആരംഭിച്ചതിനാൽ സമയംനീട്ടി നൽകണമെന്ന് ഭക്ഷ്യവകുപ്പ് കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും ഇതിൽ തീരുമാനമായില്ല

 ചേർത്തലയിൽ 170ഉം അമ്പലപ്പുഴയിൽ 61ഉം കാർത്തികപ്പള്ളിയിൽ 70ഉം കടകളിൽ മാത്രമേ വിതരണത്തിന് മണ്ണെണ്ണ ലഭിച്ചുള്ളൂ

മണ്ണെണ്ണ ലഭിക്കാത്ത താലൂക്കുകൾ

(റേഷൻ കാർ‌‌ഡ്, ഗുണഭോക്താക്കൾ)

കുട്ടനാട് - 53379, 207107

മാവേലിക്കര - 103208, 472262

ചെങ്ങന്നൂർ - 61598, 222275

ആകെ - 218185, 801644

ജില്ലയിലെ റേഷൻ കടകൾ

ചേർത്തല : 288

അമ്പലപ്പുഴ :196

കുട്ടനാട് :114

കാർത്തികപ്പള്ളി :255

മാവേലിക്കര : 219

ചെങ്ങന്നൂർ : 126

ആകെ :1198

ജില്ലയിൽ മണ്ണെണ്ണ വിതരണത്തിലുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ ഡിപ്പോകളിൽ കൂടുതൽ സംവിധാനങ്ങൾ ഒരുക്കണം. സ്റ്രോക്ക് എത്തിക്കുന്നതിനുള്ള വാഹനങ്ങളും കൂടുതൽ എത്തിക്കണം

എൻ. ഷിജീർ, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി,​ കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോ.