യൂത്ത് ലീഗ് ഡി.എം.ഒ ഓഫീസ് മാർച്ചിനുനേരെ ജലപീരങ്കി

Saturday 05 July 2025 12:00 AM IST

തൃശൂർ: കോട്ടയത്ത് കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ബിന്ദുവിന്റെ മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ഡി.എം.ഒ ഓഫീസിലേക്ക് നടത്തിയ മാർച്ചിനു നേരെ ജലപീരങ്കി പ്രയോഗിച്ചു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കെ സ്റ്റാൻഡ് പരിസരത്ത് നിന്നാരംഭിച്ച മാർച്ച് സെന്റ് തോമസ് കോളേജ് റോഡിൽ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. പ്രതിഷേധം ശക്തമാക്കിയ യൂത്ത് ലീഗ് പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസൽ ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എ.എം. സനൗഫൽ അദ്ധ്യക്ഷനായി.

റീത്തുമായി യുവമോർച്ച

ഡി.എം.ഒ ഓഫീസിലേക്ക് യുവമോർച്ചയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. ഡി.എം.ഒ ഓഫീസിലെത്തി അവരുടെ സീറ്റിൽ റീത്തു വച്ച് പ്രതിഷേധിച്ചു. യുവമോർച്ച ജില്ലാ പ്രസിഡന്റ് സബീഷ് മരുതയൂർ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റുമാരായ രാഹുൽ നന്തിക്കര, വിമൽ, ജില്ലാ സെക്രട്ടറി മനു പള്ളത്ത്, നന്ദകുമാർ, നിമേഷ് എന്നിവർ നേതൃത്വം നൽകി.