52കാരിയായ ട്യൂഷൻ ടീച്ചറെ തേടിയെത്തുന്നത് വിദേശികൾ ഉൾപ്പെടെ നിരവധി പേർ, രണ്ടുവർഷത്തിനിടെ കൈയിലെത്തിയത് 20 കോടി രൂപ

Friday 04 July 2025 10:46 PM IST

തൃശൂർ: കേരളത്തിലെ രാസലഹരി കടത്തുകാരിലെ മുഖ്യകണ്ണി പിടിയിൽ. എം.ഡി.എം.എ വാങ്ങുന്നതിന് ലഹരിസംഘം പണം അയച്ചിരുന്ന അക്കൗണ്ടിന്റെ ഉടമയായ 52കാരി സീമ സിൻഹയാണ് തൃശൂർ‌ സിറ്റി പൊലീസിന്റെ പിടിയിലായത്. ഹരിയാനയിൽ നിന്നാണ് സീമ സിൻഹയെ പിടികൂടിയത്. കഴിഞ്ഞ ഫെബ്രുവരിയിൽ തൃശൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് ചാവക്കാട്ടുകാരായ ഫസലും നെജിലും എം.ഡി.എം.എയുമായി പൊലീസിന്റെ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് സീമ സീൻഹ.യെ കുറിച്ചുള്ള വിവരം ലഭിച്ചത്. ഇവർക്ക് എം.ഡി.എം.എ കൈമാറിയത് സീമ സിൻഹയെന്നാണ് പൊലീസ് പറയുന്നത്.

ബിഹാർ പട്ന സ്വദേശിയാണ് , ട്യൂഷൻ ടീച്ചറായ സീമ. ഇവർ രണ്ടു വർഷത്തിനിടെ നടത്തിയത് 20 കോടിയുടെ ഇടപാടുകളാണ്. നൈജീരിയൻ സ്വദേശി വഴിയായിരുന്നു സീമ ഇടപാടുകൾ നടത്തിയിരുന്നത്. ഇയാളെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. തൃശൂർ എ.സി.പി സലീഷ് എൻ. ശങ്കരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സീമ സിൻഹയെ പിടികൂടിയത്.