കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ, ഉത്തരവായിട്ടും പൊളിക്കുന്നില്ല

Saturday 05 July 2025 4:09 AM IST

ജനറൽ ആശുപത്രിയിലും രോഗികൾ ഭീതിയിൽ

തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ് കൂട്ടിരിപ്പുകാരിയായ വീട്ടമ്മ മരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് കേരളം.കാലപ്പഴക്കം ചെന്ന കെട്ടിടം കാരണം അപകടം സംഭവിച്ച കോട്ടയത്തിന് സമാനമായ സ്ഥിതിയിലാണ് തലസ്ഥാനത്തെ ജനറൽ ആശുപത്രിക്കും.

പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങൾ,ദ്രവിച്ച് ഇളകിമാറിയ തൂണുകൾ, എപ്പോൾ വേണമെങ്കിലും വീഴാവുന്ന മേൽക്കൂരകൾ,​ദയനീയാവസ്ഥയിലായ കെട്ടിടങ്ങൾ... ഇവിടെ ഒരുപാടുണ്ട്. നാലുവാർഡുകൾ പൊളിച്ച് പുതിയത് പണിയണമെന്ന് കഴിഞ്ഞവർഷം ഉത്തരവിട്ടെങ്കിലും ഇതുവരെ പൊളിച്ചിട്ടില്ല. പൊളിക്കാൻ നിർദ്ദേശിച്ച ഒന്നാംവാർഡിൽ രോഗികളുടെ കൂട്ടിരിപ്പുകാരാണ് നിലവിൽ കിടക്കുന്നത്.

എപ്പോൾ വേണമെങ്കിലും വീഴാം !

അധികൃതർ കണ്ണടച്ചിരുന്നാൽ സ്ഥിതി ഇനിയും വഷളാകും. ഒന്ന്,മൂന്ന് വാർഡിലെ കെട്ടിടം അപകടാവസ്ഥയിലാണ്. തൂണുകളെല്ലാം ഇളകി. കമ്പികൾ പുറത്തുവന്നു. ചുവരിന്റെ ഭിത്തികളിൽ വലിയ വിള്ളലും രൂപപ്പെട്ടിട്ടുണ്ട്.ചിലയിടത്തെ ഭിത്തികളിൽ നിന്ന് കുറച്ചുഭാഗം ഇടയ്ക്കിടെ അടർന്ന് വീഴുന്നുമുണ്ട്. ഓടിട്ട ഭാഗങ്ങൾ ഇളകി വീഴുന്നതും ഇവിടെ നിത്യസംഭവമാണ്.

 ക്യാന്റീനും തകർച്ചാഭീഷണിയിൽ

പൊളിക്കാൻ നിർദ്ദേശിച്ച കെട്ടിടത്തിൽ ക്യാന്റീനും ഉൾപ്പെടും. രോഗികൾ,

ഡോക്ടർമാർ,ജീവനക്കാർ ഉൾപ്പെടെ നിരവധിപേർ ഇവിടെ ദിവസേന എത്തുന്നുണ്ട്.

വെള്ളത്തിലായോ മാസ്റ്റർപ്ളാൻ ?​

പുതിയ മാസ്റ്റർപ്ളാൻ അനുസരിച്ച് ജനറൽ ആശുപത്രി നവീകരിക്കുന്ന പദ്ധതിയും എങ്ങുമെത്തിയില്ല. പ്രധാന ഓഫീസ് കെട്ടിടത്തിലെ ഒന്ന്,രണ്ട് വാർഡുകൾ മെഡിക്കൽ റെക്കാഡ് ലൈബ്രറി,ഡോക്ടർമാരുടെ വിശ്രമമുറി അടങ്ങുന്ന കെട്ടിടം,ഹെൽത്ത് ഇൻസ്‌പെക്ടേഴ്സ് ആൻഡ് ഒഫ്താൽമോളജി കെട്ടിടം,നഴ്സിംഗ് സൂപ്രണ്ട് ഓഫീസ്,അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് മുന്നിലെ പീഡിയാട്രിക് ഒ.പി,ആർ.ജി.സി.ബി ലാബ് കെട്ടിടം,ക്യാന്റീൻ,വാർഡ് പത്ത്,ആറ്,ഏഴ്,രണ്ടാം വാർഡിനടുത്തുള്ള സെക്യൂരിറ്റി മുറി,രണ്ടാം വാർഡിനടുത്തുള്ള കിയോസ്‌ക് എന്നിവ പൊളിച്ചുമാറ്റുമെന്ന് നിർദ്ദേശിച്ചെങ്കിലും നടന്നില്ല. ട്രോമാകെയർ യൂണിറ്റ്,21കിടക്കയുള്ള ഡയാലിസിസ് യൂണിറ്റ്, 240കിടക്കയുള്ള വാർഡുകൾ,സൂപ്പർ സ്‌പെഷ്യാലിറ്റി ഒ.പി,മൾട്ടി ഐ.സി.യു,ശസ്ത്രക്രിയ തിയേറ്ററുകൾ എന്നിവ ഉൾക്കൊള്ളുന്ന സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയാണ് മാസ്റ്റർപ്ലാനിന്റെ ഭാഗമായി ഒരുങ്ങുന്നതെന്ന് പ്രഖ്യാപിച്ചിരുന്നു.

വെറുതേ ഒരു കെട്ടിടം

2016ലാണ് ജില്ലയിൽ രണ്ടാമതൊരു മെഡിക്കൽ കോളേജ്‌ കെട്ടിടം പണിയാൻ പദ്ധതിയിട്ടത്. ജനറൽ ആശുപത്രിയും തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയും സംയോജിപ്പിച്ച് ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ് എന്ന പേരിൽ പുതിയ കെട്ടിടത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി നേടി. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും വി.എസ്.ശിവകുമാർ ആരോഗ്യമന്ത്രിയുമായിരുന്നപ്പോൾ അതേവർഷം കെട്ടിടം നിർമ്മിച്ച് ഉദ്ഘാടനം നിർവഹിച്ചു. പിന്നീട് എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തും ഉദ്ഘാടനം നടത്തി. എന്നാൽ ആറുവർഷമായിട്ടും കെട്ടിടം ആശുപത്രിക്കായി പ്രയോജനപ്പെടുത്തിയിട്ടില്ല. ഡയറക്ടറേറ്റ് ഒഫ് മെഡിക്കൽ എഡ്യുക്കേഷന്റെ (ഡി.എം.ഇ) കീഴിലാണ് ഈ കെട്ടിടം.