പുഴ ശ്രീകോവിലിലേക്ക് ഒഴുകിയെത്തി ദേവിക്ക് ആറാട്ട് നടത്തും, താണിക്കുടത്തമ്മയുടെ ആറാട്ടിനായി കാത്തിരിപ്പ് തുടരുന്നു
തൃശൂർ : പ്രകൃതി പുഴയായി ഒഴുകിയെത്തി ആറാട്ട് നടക്കുന്ന അപൂർവ ക്ഷേത്രമാണ് തൃശൂർ താണിക്കുടം ഭഗവതി ക്ഷേത്രം, മറ്റു ക്ഷേത്രങ്ങളിൽ വിഗ്രഹം ജലാശയത്തിലേക്ക് ആനയിച്ച് ആറാട്ട് നടത്തുമ്പോൾ ഇവിടെ ഭഗവതിയുടെ ആറാട്ടിന് പുഴ തന്നെ ശ്രീകോവിലിലേക്ക് ഒഴുകിയെത്തുന്നു. കനത്ത മഴയിൽ താണിക്കുടം പുഴ നിറഞ്ഞൊഴുകി ക്ഷേത്ര ശ്രീകോവിലിൽ പ്രവേശിക്കുമ്പോഴാണ് ഭഗവതിക്ക് ആറാട്ട് നടക്കുന്നത്. ഭഗവതിക്കൊപ്പം ഭക്തരും ആറാട്ടുമുങ്ങും. ഇതിനായി മറ്റു ജില്ലകളിൽ നിന്നു പോലും ഭക്തരെത്താറുണ്ട്.
തൃശൂരിൽ ക നത്ത മഴയാണ് ഇത്തവണ പെയ്തതെങ്കിലും താണിക്കുടത്തമ്മയുടെ ആറാട്ട് നടന്നില്ല. ജൂൺ 26ന് പുഴ നിറഞ്ഞൊഴുകി ക്ഷേത്ര മുറ്റത്തെത്തിയെങ്കിലും ദേവീ വിഗ്രഹം മൂടുന്ന വിധത്തിൽ ജലനിരപ്പുയരാത്തതാണ് കാരണം. താണിക്കുടം പുഴയിലെ ചീർപ്പ് ഉയർത്തി വച്ചതിനാലാണ് കനത്ത മഴ പെയ്തിട്ടും പുഴ നിറയാത്തതെന്നാണ് നാട്ടുകാർ പറയുന്നത്. വെള്ളായണി മല നിരകളിൽ നിന്നൊഴുകി വരുന്ന നടുത്തോട് എന്ന ചെറു പുഴയാണ് കാലവർഷക്കാലത്ത് നിറഞ്ഞൊഴുകി ക്ഷേത്രത്തിലെത്തുന്നത്, വർഷത്തിൽ രണ്ടോ മൂന്നോ പ്രാവശ്യം ആറാട്ടു നടന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് താണിക്കുടം ക്ഷേത്രം വരുന്നത്.