ഷാർജയിൽ നിന്നെത്തിയ മലയാളി യുവാവിന്റെ തിരോധാനം: സി.ബി.ഐ അന്വേഷണം തുടങ്ങി

Saturday 05 July 2025 1:41 AM IST

കൊച്ചി: രണ്ടുവർഷംമുമ്പ് ഷാർജയിൽനിന്ന് ഹൈദരാബാദിൽ വിമാനമിറങ്ങിയ മലപ്പുറം സ്വദേശിയെ കാണാതായ കേസിൽ സി.ബി.ഐ അന്വേഷണം ആരംഭിച്ചു. ഹൈക്കോടതി ഉത്തരവിനെ തു‌ടർന്നാണ് നടപടി. എറണാകുളം ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ സി.ബി.ഐ പ്രഥമവിവര റിപ്പോർട്ട് സമർപ്പിച്ചു. യുവാവിനെ സ്വർണക്കടത്ത് സംഘം അപായപ്പെടുത്തിയോ എന്നും അന്വേഷിക്കും.

മലപ്പുറം ആലംകോട് മുക്കടേക്കാട്ട് വീട്ടിൽ അബ്ദുൾ ലത്തീഫിന്റെ മകൻ ജംഷീറിനെയാണ് (24) കാണാതായത്. ഇലക്ട്രോണിക്സ് ബിരുദധാരിയായ ജംഷീർ എറണാകുളത്തെ ട്രാവൽ ഏജൻസി മുഖേന 2022 നവംബർ12നാണ് യു.എ.ഇയിലെ അജ്മാനിലേക്ക് വിസിറ്റിംഗ് വിസയിൽ പോയത്. ഫുജൈറയിലെ കമ്പനിയിൽ ജോലിചെയ്യുന്നതിനിടെ വിസയുടെ കാലാവധി തീരുന്ന 2023 മാർച്ചുവരെ ബന്ധുക്കളുമായി ബന്ധം പുലർത്തിയിരുന്നു. എന്നാൽ 2023 ഏപ്രിൽ 4ന് നേപ്പാളിലെ വിമാനത്താവളത്തിൽ 1.5 കിലോഗ്രാം സ്വർണവുമായി പിടിയിലായെന്നും ആറുമാസം കഴിഞ്ഞ് ജയിൽ മോചിതനാകുമെന്നുമുള്ള സന്ദേശം ജംഷീറിന്റെ ഫോണിൽനിന്ന് സഹോദരൻ തൗഫീറിന് ലഭിക്കുകയുണ്ടായി. തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ 2023 മാർച്ച് 22ന് ജംഷീർ ഷാ‌ർജയിൽനിന്ന് ഇൻ‌‌ഡിഗോ വിമാനത്തിൽ ഇന്ത്യയിലേക്ക് വന്നതായും 23ന് ഹൈദരാബാദിൽ ഇറങ്ങിയതായും കണ്ടെത്തി. ഈ ദിവസങ്ങളിൽ ജംഷീറിന്റെ പേരിൽ ഷാർ‌ജയിൽ നിന്നെന്ന വ്യാജേന നാട്ടിൽ ഫോൺ സന്ദേശങ്ങളെത്തിയിരുന്നു.

പിതാവിന്റെ പരാതിയിൽ കേസെടുത്ത ചങ്ങരംകുളം പൊലീസിന്റെ അന്വേഷണത്തിൽ കൊൽക്കത്തയ്ക്ക് സമീപം ഹൗറയിലാണ് അവസാന ലൊക്കേഷനെന്നും നേപ്പാളിലെത്തിയതിന് തെളിവില്ലെന്നും സ്ഥിരീകരിച്ചു. തുടർന്ന് അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് അബ്ദുൾ ലത്തീഫ് ഹൈക്കോടതിയെ സമീപിച്ചത്.