അറ്റ്‌ലസ് പർവതനിരയിലെ പ്രണയ താഴ്വര

Saturday 05 July 2025 1:11 AM IST

റാബത്ത്: പ്രണയത്തിന് പൂവ് എന്നിറയപ്പെടുന്നത് റോസയാണ്. പൂക്കളുടെ കൂട്ടത്തിൽ ഏറ്റവും മനോഹരമാണ് റോസ. അതിൽ തന്നെ പല കളറുകളിലുള്ള റോസകളുമുണ്ട്. റോസാപ്പൂക്കൾക്ക് പ്രസിദ്ധമാണ് വടക്കേ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ അറ്റ്‌ലസ് പർവ്വതനിരയുടെ താഴ്‌വരയിലുള്ള കലാത്ത് മഗോന പട്ടണം. തുച്ഛമായ വരുമാനമാണ് ലഭിക്കുന്നതെങ്കിൽ പോലും അറ്റ്‌ലസ് പർവത താഴ്‌വരയിലുള്ളവർ പരമ്പരാഗതമായി റോസാ കൃഷിയുമായും അനുബന്ധ നിർമ്മാണ മേഖലകളുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. റോസാപ്പൂക്കൾ ശേഖരിക്കാനായി അതിരാവിലെ തന്നെ പ്രായമായ സ്ത്രീകൾ ഉൾപ്പെടെയുള്ളവ‌ർ തോട്ടങ്ങളിലേക്കെത്തും. ഏകദേശം കുറഞ്ഞത് മൂന്ന് കിലോയോളം പൂക്കൾ ഇവർ ഓരോരുത്തരും ശേഖരിക്കും. കിലോയ്ക്ക് 18,000 ഡോളർ വിലമതിക്കുന്ന റോസ് ഓയിൽ ഈ പൂക്കളിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. പൂക്കളുടെ മുള്ളുകൾ കൈയ്യിൽ കൊള്ളാതിരിക്കാൻ ഗ്ലൗസുകളും വെയിലിൽ നിന്ന് രക്ഷയ്ക്കായി തൊപ്പിയുമായാണ് ഇവിടുത്തെ തൊഴിലാളികൾ റോസാപ്പൂക്കൾ ശേഖരിക്കാൻ വിശാലമായ തോട്ടങ്ങളിലേക്കിറങ്ങുന്നത്. പുലർച്ചെ തുടങ്ങുന്ന റോസാപ്പൂക്കളുടെ ശേഖരിക്കൽ ആറ് മണിക്കൂർ വരെയാണ് നീളുന്നത്. ഉച്ചയ്ക്ക് വെയിലിന്റെ തീവ്രത കൂടുന്നതിന് മുന്നേ പൂക്കൾ ശേഖരിച്ചെത്തേണ്ടതുണ്ട്. ഇത്തരത്തിൽ ഒരു ദിവസം 20 കിലോ പൂക്കൾ ശേഖരിക്കുന്ന ഒരാൾക്ക് ദിവസവേതനമായി ലഭിക്കുന്നത് ഏകദേശം ഏഴ് ഡോളറിൽ താഴെയാണ്. ഒരു കിലോ റോസ് ഓയിലിന് ഏതാണ്ട് നാല് മുതൽ അഞ്ച് ടൺ വരെ പൂക്കൾ വേണം. റോസാ ഡമാസീന സ്പീഷിസിൽപ്പെട്ട റോസാപ്പൂക്കളാണ് കലാത്ത് മഗോനയിൽ വളരുന്നത്. പൂക്കളുടെ പേരിൽ അറിയപ്പെടുന്ന നാടായത് കൊണ്ട് തന്നെ ഇവിടുത്തെ കടകളുടേയും ഉത്പന്നങ്ങളുടേയുമൊക്കെ പേരിൽ റോസാപ്പൂവിന്റെ സാന്നിദ്ധ്യം കാണാം. റോസ് വാട്ടർ, സോപ്പ്, കോസ്മെറ്റിക് ക്രീമുകൾ, പെർഫ്യൂം തുടങ്ങിയവയുടെ നിർമ്മാണ യൂണിറ്റുകളും ഇവിടെയുണ്ട്. എല്ലാ വർഷവും മേയിൽ ഇവിടെ നടക്കുന്ന റോസ് ഫെസ്റ്റിവലിലേക്ക് ആയിരക്കണക്കിന് സഞ്ചാരികളാണെത്തുന്നത്.