ഹിമാചൽ മഴക്കെടുതി; 69 മരണം, 700 കോടി രൂപയുടെ നാശനഷ്ടം

Saturday 05 July 2025 1:14 AM IST

ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ കാലവർഷക്കെടുതി രൂക്ഷം. മേഘവിസ്ഫോടനം,​  മണ്ണിടിച്ചിൽ,​ വെള്ളപ്പൊക്കം എന്നിവയിൽ 69 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 37 പേരെ കാണാതായി. 110 പേർക്ക് പരിക്കേറ്റു. 700 കോടി രൂപയുടെ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഏറ്റവും കെടുതി മാണ്ഡി ജില്ലയിലാണ്.

തിങ്കളാഴ്ച വരെ എല്ലാ ജില്ലകളിലും കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൺസൂൺ ആരംഭിച്ചതിന് ശേഷം 14 മേഘവിസ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത് റോഡുകളും കുടിവെള്ള പദ്ധതികളും വൈദ്യുതി വിതരണവും തകരാറിലാക്കിയതായി മുഖ്യമന്ത്രി സുഖ്‌വീന്ദർ സുഖു പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സുഖുവുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഹിമാചലിനുപുറമേ മഴക്കെടുതിയുണ്ടായ ഗുജറാത്തിനും രാജസ്ഥാനും സഹായങ്ങൾ വാഗ്ദാനം ചെയ്തു.

മാണ്ഡിയിൽ മാത്രം 12 മരണമാണ് റിപ്പോർട്ട് ചെയ്തത്. ആഹാരം, വൈദ്യുതി, ഗതാഗതം തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ പലയിടത്തും താറുമാറായി. ദുരന്തബാധിതർക്കായി ക്യാമ്പുകൾ തുറക്കുകയും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. ഷിംലയിൽ ജനജീവിതം ദുരിതപൂർണമാണ്. സ്‌കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. നൂറ് കണക്കിന് വീടുകൾ തകർന്നു. 14 പാലങ്ങൾ ഒലിച്ചുപോയി. 300ലധികം കന്നുകാലികൾ ചത്തു. 500ഓളം റോഡുകൾ അടച്ചിരിക്കുകയാണ്.