ആത്മഹത്യചെയ്യാൻ പെൺകുട്ടി നദിയിൽചാടി, ഒഴുകിത്തുടങ്ങിയപ്പോൾ പേടിച്ചുപോയി, പിന്നെ സംഭവിച്ചത്
മൈസൂരു: ജീവനൊടുക്കാനായി നിറഞ്ഞൊഴുകിയ നദിയിൽചാടിയ പെൺകുട്ടി ഒരുരാത്രി മരത്തിൽപ്പിടിച്ച് കിടന്നശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്നു. മാണ്ഡ്യജില്ലയിലെ ശ്രീരംഗപട്ടണം താലൂക്കിലായിരുന്നു സംഭവം. വിവരമറിഞ്ഞെത്തിയ അഗ്നിശമന സേനയാണ് നിയമ വിദ്യാർത്ഥിയായ പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. ബംഗളൂരുവിലെ സ്ഥാപനത്തിലാണ് പെൺകുട്ടി പഠിക്കുന്നത്.
വ്യാഴാഴ്ച വൈകുന്നേരം ഹംഗരഹള്ളിക്കുസമീപത്തുവച്ചായിരുന്നു പെൺകുട്ടി കാവേരി നദിയിലേക്ക് ചാടിയത്. കുത്തൊഴുക്കുള്ള നദിയിലൂടെ അഞ്ചുകിലാേമീറ്ററോളം ഒഴുകിപ്പോയി. ഒഴുക്കിന്റെ ശക്തി കൂടിയതോടെ ഭയന്നുപോയ പെൺകുട്ടി നദിയുടെ നടുവിലുളള മരത്തിന്റെ ചില്ലയിൽ പിടിച്ചുകിടന്നു. രാവിലെ കർഷകരാണ് പെൺകുട്ടിയുടെ നിലവിളി കേട്ടത്. ഇവർ വിവരം പൊലീസിനെ അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസാണ് അഗ്നിശമനസേനയെ വിവരമറിയിച്ചത്. ഏറെ കഷ്ടപ്പെട്ടാണ് പെൺകുട്ടിയെ കരയ്‌ക്കെത്തിച്ചത്. തുടർന്ന് രക്ഷിതാക്കൾക്ക് കൈമാറി.
പെൺകുട്ടിയുടേത് അത്ഭുതകരമായ രക്ഷപ്പെടലായിരുന്നു എന്നാണ് പൊലീസും അഗ്നിശമനസേനയും പറയുന്നത്. നദിയിൽ അല്പംകൂടി വെള്ളം ഉയർന്നിരുന്നുവെങ്കിൽ പെൺകുട്ടി ഒഴുകിപ്പോകുമായിരുന്നു എന്നാണ് അവർ പറയുന്നത്. ആത്മഹത്യാശ്രമത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പെൺകുട്ടിയുടെ പേരിൽ കേസെടുത്തിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന.