ആ പ്രവചനം ഫലിച്ചോ? ഇതാണ് ജപ്പാനിലെ ഇപ്പോഴത്തെ അവസ്ഥ; വീഡിയോയുമായി മലയാളി

Saturday 05 July 2025 10:35 AM IST

ടോക്കിയോ: ജൂലായ് അഞ്ചിന് പുലർച്ചെ 4.15ന് ജപ്പാൻ ഒരു മഹാദുരന്തത്തെ നേരിടേണ്ടിവരുമെന്ന പ്രവചനം ലോകത്തെയാകെ മുൾമുനയിൽ നിർത്തിയിരുന്നു. 1995 ലെ കോബെ ഭൂകമ്പവും 2011 ലെ തോഹോകു സുനാമിയും പ്രവചിച്ച 'ജപ്പാന്റെ ബാബ വാംഗ' എന്നും അറിയപ്പെടുന്ന റിയോ തത്സുകിയുടെ 2021 ലെ 'ദി ഫ്യൂച്ചർ ഐ സോ' എന്ന പുസ്‌തകത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പ്രവചനം.

പ്രവചനം ലോകമെമ്പാടും ചർച്ചയായതോടെ നിരവധി പേർ ജപ്പാനിലേക്കുള്ള യാത്രാ പദ്ധതികൾ ഉപേക്ഷിച്ചിരുന്നു. പോരാത്തതിന് കഴിഞ്ഞ ദിവസങ്ങളിൽ നൂറുകണക്കിന് ചെറിയ ഭൂകമ്പങ്ങളും ഉണ്ടായിരുന്നു. ഇതോടെ പ്രവചനം സത്യമാകാൻ പോകുകയാണോയെന്ന ഭീതി ഉണർന്നു.

എന്നാൽ ജപ്പാനിൽ ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തിക്കൊണ്ടു രംഗത്തെത്തിയിരിക്കുകയാണ് മലയാളി യുവാവായ റമീസ്. ജപ്പാൻ സമയം രാവിലെ 7.35ന് ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് യുവാവ് രംഗത്തെത്തിയത്.

'ജപ്പാനിലെ റോഡൊക്കെ നോക്കൂ. എല്ലാവരും നന്നായി ഉറങ്ങുകയാണ്. ഞാൻ ജോലിക്ക് പോകുന്നു. രാവിലെ 7.35 ആയി. ജോലിക്ക് പോകാനുള്ള സമയമായി. ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല. ഞാൻ ജീവനോടെയുണ്ടോയെന്ന് കുറേയാൾക്കാർ ചോദിച്ചിരുന്നു. ഞാൻ ജീവനോടെയുണ്ട്. അൽഹംദുലില്ല. ഇഷ്ടം പോലെയാളുകൾ മെസേജയച്ചിട്ടുണ്ട്. ആർക്കും ഒന്നും സംഭവിച്ചിട്ടില്ല. ബേജാറാകണ്ട. ചോദിച്ചവർക്കൊക്കെ നന്ദി, നമസ്‌കാരം.'- റമീസ് പറഞ്ഞു.