കൊച്ചിയിൽ പട്ടാപ്പകൽ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; സംഘത്തിൽ ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും, അന്വേഷണം

Saturday 05 July 2025 11:55 AM IST

കൊച്ചി: ഇടപ്പള്ളി പോണേക്കരയില്‍ ട്യൂഷനുപോകുകയായിരുന്ന പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഘത്തിനുവേണ്ടിയുള്ള അന്വേഷണം പൊലീസ് ശക്തമാക്കി .എന്നാൽ കുട്ടികളുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നാണ് ലഭിക്കുന്ന സൂചന. മുകളിൽ ക്യാരിയർ ഘടിപ്പിച്ച ഇന്നോവയിലെത്തിയവരാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. തട്ടിക്കൊണ്ടുപോകാൻ ടാക്സികാറിൽ എത്തുമോ എന്ന സംശയവും പൊലീസിനുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അന്വേഷണം ശക്തമാക്കി എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസിപ്പോൾ.

അഞ്ചും ആറും വയസുള്ള കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാണ് പരാതി. ഇന്നലെ വൈകുന്നേരം തൊട്ടടുത്തുള്ള വീട്ടിൽ ട്യൂഷനായി പോയപ്പോഴായിരുന്നു സംഭവം. കാറിൽ ഒരു സ്ത്രീയും രണ്ടുപുരുഷന്മാരുമാണ് ഉണ്ടായിരുന്നത്. കുട്ടികളെ യാത്രയാക്കിയശേഷം മുത്തശ്ശി വീടിന്റെ ഗേറ്റിനടുത്തുണ്ടായിരുന്നു.

ട്യൂഷൻ ടീച്ചറുടെ വീട്ടിലേക്ക് കുട്ടികൾ പോകുന്നതിനിടെ വെളുത്തനിറത്തിലുള്ള ഒരു കാർ അടുത്തെത്തി നിറുത്തി. തുടർന്ന് പിന്നിലിരുന്നയാൾ കുട്ടികൾക്ക് മിഠായി വച്ചുനീട്ടി. ഇളയകുട്ടി മിഠായി വാങ്ങിയെങ്കിലും മൂത്തകുട്ടി അത് വാങ്ങി വലിച്ചെറിഞ്ഞു. ഇതിനിടെയാണ് മിഠായി വാങ്ങിയ കുട്ടിയെ ബലംപ്രയോഗിച്ച് കാറിൽ കയറ്റാൻ ശ്രമിച്ചത്. ഇതോടെ കുട്ടികൾ ഉച്ചത്തിൽ നിലവിളിച്ചു. ഈ സമയം തന്നെ സമീപത്തുണ്ടായിരുന്ന ഒരു നായ ഉച്ചത്തിൽ കുരച്ചുകൊണ്ട് കാറിനടുത്തേക്ക് എത്തുകയും ചെയ്തു. ഇതോടെ കാറിലുളളവർ ഡോറടച്ചു. കുട്ടികൾ ഓടി ട്യൂഷനുപോകുന്ന വീട്ടിലേക്ക് കയറിയതോടെ കാർ അതിവേഗത്തിൽ ഓടിച്ചുപോവുകയായിരുന്നു. ട്യൂഷൻ ടീച്ചറോട് കുട്ടികൾ വിവരങ്ങൾ പറഞ്ഞതിനെത്തുടർന്ന് അവരാണ് കുട്ടിയുടെ വീട്ടുകാരെയും പൊലീസിനെയും അറിയിച്ചത്.

സിസിടിവികൾ ഇല്ലാത്ത സ്ഥലത്തുവച്ചാണ് കുട്ടികളെ തട്ടിയെടുക്കാൻ ശ്രമിച്ചത്. അതിനാൽ മുൻകൂട്ടി ആസൂത്രണം ചെയ്തശേഷമാകാം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്ന സംശയവും പൊലീസിനുണ്ട്. കുട്ടികൾ നൽകുന്ന വിവരമനുസരിച്ചുള്ള ഒരു കാർ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്കുശേഷം പെരുമത്താഴം റോഡിലേക്ക് വരുന്നതും പോകുന്നതും ചില പ്രദേശവാസികൾ കണ്ടിരുന്നു. ഇവർ പൊലീസിന് വിവരങ്ങൾ കൈമാറിയിട്ടുണ്ട്.