ഉപയോഗിച്ച അടിവസ്ത്രത്തിനുള്ളിലായിരുന്നു ആ നടൻ പണം സൂക്ഷിച്ചത്; ചോദിച്ചപ്പോൾ സേഫ്റ്റിക്കാണെന്ന് പറഞ്ഞു

Saturday 05 July 2025 12:27 PM IST

മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ഒരുപാട് താരങ്ങൾ മിമിക്രി പശ്ചാത്തലമുള്ളവരാണെന്ന് നടൻ കലാഭവൻ റഹ്മാൻ. മെഗാസ്റ്റാർ മമ്മൂട്ടി പണ്ട് മിമിക്രി കളിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കലാഭവൻ റഹ്മാൻ.

'മിമിക്രി വലിയ കലയാണ്. ആരെങ്കിലും ആ കലയെ മോശമായി പറയുന്നുണ്ടെങ്കിൽ അത് അസൂയ കൊണ്ടാണെന്നേ ഞാൻ പറയുകയുള്ളൂ. പണ്ട് മിമിക്രിക്കാരെ പുച്ഛിച്ച മലയാളത്തിലെ ഒരു നടനെ കലാഭവൻ മണി അടിച്ചിട്ടുണ്ട്.'- അദ്ദേഹം പറഞ്ഞു.

കലാഭവന്റെ സുവർണകാലത്തുണ്ടായ രസകരമായ ഒര അനുഭവവും അദ്ദേഹം വെളിപ്പെടുത്തി. 'ഞങ്ങൾ ഒരിക്കൽ പ്രോഗ്രാമിന് പോയി. കോഴിക്കോടുനിന്ന് എല്ലാവരും പിരിയുകയാണ്. എനിക്കും ഹരിശ്രീ അശോകനും ലാലിനും അൻസാറിനൊക്കെ കൂടി തിരുനെല്ലിയിലേക്ക് പോകാൻ പ്ലാനുണ്ടായിരുന്നു. അതിന്റെയിടയ്ക്ക് കോഴിക്കോട് ബീച്ചിൽ പോയി. പ്രോഗ്രാമിന്റെ പൈസ അൻസാറിന്റെ കൈയിലാണ്. അപ്പോൾ ഞങ്ങൾ, എല്ലാവർക്കും പൈസ തരാൻ പറഞ്ഞു. അവന്റെ കൈയിൽ സ്യൂട്ട്‌കേസുണ്ട്. അവൻ ബീച്ചിൽവച്ച് അത് തുറന്നു. ഇവൻ ഉപയോഗിച്ച അടിവസ്ത്രത്തിനുള്ളിലാണ് പൈസ വച്ചത്. സേഫ്റ്റിയ്ക്ക് വേണ്ടിയാണെന്ന് പറഞ്ഞു. പക്ഷേ ഞങ്ങൾ അത് എങ്ങനെ വാങ്ങുമെന്നൊരവസ്ഥ കൂടിയില്ലേ. പിന്നെ പൈസ കളയാനാകില്ലല്ലോ. ഇത് അവന്റെ മണ്ടത്തരമെന്ന് പറയാനാകില്ല. അവന്റെ ആത്മാർത്ഥത കൂടിയതാണ്.'- കലാഭവൻ റഹ്മാൻ പറഞ്ഞു.