'നിർബന്ധിച്ചതുകൊണ്ടാണ് പാലേരിമാണിക്യത്തിൽ അഭിനയിച്ചത്, സംവിധായകന് അതിനുളള കാരണം മറ്റൊന്നായിരുന്നു'
എല്ലാ സിനിമകളും ചെയ്യുന്നത് വലിയ ആത്മവിശ്വാസത്തോടെയാണെന്ന് തുറന്നുപറഞ്ഞ് നടി ശ്വേതാ മേനോൻ. കുട്ടിക്കാലത്ത് വലിയ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിട്ടില്ലെന്നും താരം പറഞ്ഞു. ജീവിതത്തിൽ സിനിമയ്ക്കും മോഡലിംഗിനും ഒരേപോലെയാണ് പ്രാധാന്യം നൽകുന്നതെന്നും ശ്വേതാ മേനോൻ കൂട്ടിച്ചേർത്തു. പുതിയ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടയിലാണ് അവർ ഇക്കാര്യങ്ങൾ സംസാരിച്ചത്.
'എന്റെ അച്ഛനും അമ്മയും എനിക്കുവേണ്ടി വലുതായിട്ടൊന്നും സഹിച്ചിട്ടില്ല. എന്റെ കുട്ടിക്കാലം മനോഹരമായിരുന്നു. പാലേരിമാണിക്യം എന്ന ചിത്രം രഞ്ജിത്തേട്ടൻ നിർബന്ധിച്ചതുകൊണ്ടാണ് ചെയ്തത്. ചീരു എന്ന കഥാപാത്രമാണ് ചെയ്തത്. ആ കഥാപാത്രത്തെക്കുറിച്ച് എഴുതുമ്പോൾ എന്റെ മുഖമാണ് മനസിൽ വന്നതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതുപോലെ സോൾട്ട് ആൻഡ് പേപ്പർ സിനിമ ചെയ്യുമ്പോൾ ആർക്കും വലിയ പ്രതീക്ഷ ഇല്ലായിരുന്നു. പക്ഷെ ചിത്രം സൂപ്പർഹിറ്റാകുമെന്ന് എനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നു. വലിയ ആത്മവിശ്വാസത്തോടെയാണ് ആ ചിത്രം ചെയ്തത്.
മിസ് ഇന്ത്യ മത്സരത്തിൽ ഐശ്വര്യ റായിയോടൊപ്പവും സുസ്മിത സെനിനോടൊപ്പവും അടുത്ത് ഇടപഴകിയിട്ടുണ്ട്. ഞാനും ഐശ്വര്യ റായിയും ഒരു മുറിയിലായിരുന്നു താമസം. പക്ഷെ എനിക്ക് സുസ്മിത സെന്നിനെയായിരുന്നു ഇഷ്ടം. നല്ല സ്വഭാവമായിരുന്നു. എല്ലാവരെയും ആകർഷിപ്പിക്കുന്ന രീതിയിലായിരുന്നു അവരുടെ പെരുമാറ്റം. ഞാൻ ഭക്ഷണപ്രിയയാണെന്ന് പലർക്കും അറിയാം. ലാലേട്ടനോടൊപ്പം ഇരിക്കുകയാണെങ്കിൽ എനിക്ക് ഡയറ്റ് ചെയ്യാൻ സാധിക്കില്ല. കഴിക്കൂവെന്നാണ് പറയുന്നത്. പക്ഷെ അദ്ദേഹം നന്നായി ഡയറ്റ് ചെയ്യാറുണ്ട്. ലാലേട്ടൻ നന്നായി ഭക്ഷണം പാകം ചെയ്യും'- ശ്വേതാ മേനോൻ പറഞ്ഞു.