അർദ്ധരാത്രി വീട്ടിലെത്തി കാറിന് തീയിട്ട യുവാവ് പിടിയിൽ; കാരണം മുൻവൈരാഗ്യം

Saturday 05 July 2025 12:53 PM IST

ചെങ്ങന്നൂർ: വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന് തീയിട്ടയാൾ പിടിയിൽ. മുളക്കുഴ പൂപ്പങ്കര സ്വദേശി സരിൻ (അനൂപ് -37) ആണ് പൊലീസിന്റെ പിടിയിലായത്. മുൻ വൈരാഗ്യമാണ് കാരണം.

കഴിഞ്ഞ ദിവസം രാത്രി 12.30ന് ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷന് പിന്നിൽ കോതാലിൽ പുല്ലാട്ട് മിഥുൻ മോഹന്റെ ടൊയോട്ട ഗ്ലാൻസ കാറിനാണ് സരിൻ തീയിട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു. തീയിട്ട ശേഷം ഇയാൾ ഓടിപ്പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

കാർ വീടിനോട് ചേർന്ന് കിടന്നതിനാൽ തീ വീടിനകത്തേയ്ക്കും പടർന്നു. പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് കിടപ്പ് മുറിയിലേക്കും തീ പടർന്നു. മുറിയിലെ കട്ടിൽ, മെത്ത, സീലിംഗ് എന്നിവ കത്തിനശിച്ചു. അഗ്നിരക്ഷാ സേനയെത്തി തീയണച്ചു.

സ്ഥലത്തെത്തിയ അഗ്‌നിരക്ഷാസേന വീട്ടിലേക്ക് കൂടുതൽ തീ പടരാതെ തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.അപകടം നടക്കുമ്പോൾ 4 വയസുള്ള കുട്ടി ഉൾപ്പെടെ അഞ്ചുപേർ വീട്ടിൽ ഉണ്ടായിരുന്നു. സംഭവ സ്ഥലത്തെത്തിയ ചെങ്ങന്നൂർ പൊലീസും അയൽവാസികളും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.