ഹിന്ദി സംസാരിക്കുന്ന യുവതിക്ക് നേരെ രോഷത്തോടെ നാട്ടുകാർ; വീഡിയോ

Saturday 05 July 2025 1:51 PM IST

പൂനെ: പ്രാദേശിക ഭാഷ സംസാരിക്കുന്നതിനെച്ചൊല്ലി സംഘർഷം. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. ഹിന്ദി സംസാരിക്കുന്ന യുവതിയും മറാത്തി സംസാരിക്കുന്ന യുവാവും നാട്ടുകാരും തമ്മിലായിരുന്നു വാക്കുകൾ കൊണ്ട് ഏറ്റുമുട്ടിയത്. തിരക്കേറിയ റോഡിൽ നാട്ടുകാരും യുവാവും യുവതിയെ ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

ക്യാമറയ്ക്ക് പിന്നിൽ നിന്ന യുവതി മറാത്തി സംസാരിക്കാൻ ആവശ്യപ്പെട്ട ഒരു പുരുഷനുമായി തർക്കിക്കുന്നത് കേൾക്കാം. മഹാരാഷ്ട്രയിൽ ജോലി ചെയ്യുന്നയാളാണ് താനെന്ന് വാദിച്ചുകൊണ്ടായിരുന്നു മറാത്തി സംസാരിക്കാൻ ഇയാൾ യുവതിയോട് ആവശ്യപ്പെട്ടത്. മറുപടിയായി, ഹിന്ദി മാതൃഭാഷയാണെന്നും താൻ ഹിന്ദിയിൽ മാത്രമേ സംസാരിക്കൂ എന്നും യുവതി പറഞ്ഞു.

യുവാവ് ചുറ്റും കൂടി നിന്നവരോട് മറാത്തിയിൽ സംസാരിക്കാൻ തുടങ്ങിയപ്പോൾ, മറാത്തിയിൽ ഇയാൾ എന്താണ് പറയുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും യുവതി തുടർന്നു.

"നിങ്ങൾ കൊടുക്കുന്നതിനേക്കാൾ കൂടുതൽ നികുതി മഹാരാഷ്ട്ര സർക്കാരിന് ഞാൻ അടയ്ക്കുന്നുണ്ട്. ഹിന്ദി സംസാരിക്കുന്നവർ ഇവിടെ കള്ളപ്പണമൊന്നും സമ്പാദിക്കുന്നില്ല'. യുവതി കൂട്ടിച്ചേർത്തു. യുവതിയുമായി തർക്കിച്ച് പിടിച്ചു നിൽക്കാനാവാതെ വന്നപ്പോൾ പലരും സ്ഥലം വിട്ടു.