മെഡിക്കൽ കോളേജിൽ രോഗികൾക്ക് ദുരിതം.... ഡോക്ടർമാർ എത്തുമോ മരുന്നിനെങ്കിലും !

Sunday 06 July 2025 12:32 AM IST

കോട്ടയം : മദ്ധ്യകേരളത്തിലെ പ്രധാന സർക്കാർ ആശുപത്രി. ദിനംപ്രതി ചികിത്സ തേടിയെത്തുന്നത് ആയിരക്കണക്കിന് രോഗികൾ. പക്ഷേ, ഇവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ആവശ്യത്തിന് ഡോക്ടർമാരോ, നഴ്സുമാരോ ഇല്ലാത്തത് മെഡി.കോളേജിൽ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. നിലവിലുള്ള ജീവനക്കാ‌ർ കഠിനാദ്ധ്വാനം ചെയ്തിട്ടാണ് കാര്യമായ പ്രശ്നങ്ങളില്ലാതെ മുന്നോട്ടു പോകുന്നത്. സാധാരണക്കാർ ഏറ്റവും അധികം ആശ്രയിക്കുന്ന ത്വക്ക്, ന്യൂറോ, ജനറൽ മെഡിസിൻ ,സർജറി, ഓർത്തോ വിഭാഗങ്ങളിലാണ് ഡോക്ടർമാരുടെ കുറവ്. 80 പേരുടെ ഹൗസ് സർജൻസി ബാച്ച് പരിശീലനം പൂർത്തിയാക്കിയതോടെ ജൂനിയർ ഡോക്ടർമാരുടെ എണ്ണം പകുതിയായി കുറഞ്ഞു. അസിസ്റ്റന്റ് പ്രൊഫസർമാരുടെയും, സർജന്മാരുടേയും ഒഴിവ് നികത്തിയിട്ടില്ല. സ്ഥിര ഡോക്ടർമാരുടെ അഭാവത്തിൽ ചിലവിഭാഗങ്ങളിൽ മറ്റ് ആശുപത്രികളിൽ നിന്ന് വർക്ക് അറേഞ്ചിന്റെ ഭാഗമായി ഡോക്ടർമാരെ എത്തിക്കുകയാണ്. വിവിധ വിഭാഗങ്ങളിലായി അസിസ്റ്റന്റ് പ്രൊഫസറുടെ 50 ഒഴിവുകളും, അസോസിയേറ്റ് പ്രൊഫസർമാരുടെ 10 ഒഴിവുകളും, പ്രൊഫസർമാരുടെ രണ്ട് ഒഴിവുകളും നികത്തണമെന്ന ആവശ്യത്തോട് സ‌ർക്കാർ മുഖംതിരിക്കുകയാണ്.

50 പേരെ പരിചരിക്കാൻ ഒരു നഴ്സ്

വാർഡുകളിൽ 50 പേരെ പരിചരിക്കാൻ ഒരു നഴ്സാണുള്ളത്. ഭക്ഷണം കൊണ്ടുപോയാലും കഴിക്കാൻ സമയം കിട്ടാറില്ലെന്ന് ഇവർ പറയുന്നു. സീനിയർ , ജൂനിയർ വ്യത്യാസമില്ലാതെ ജോലിയ്ക്ക് കുറവില്ല. വാർഡുകളിൽ ജോലി ചെയ്യുന്ന നഴ്സുമാർക്കാണ് ദുരിതമേറെ. ഐ.സി.യുവിൽ ഒരു രോഗിയ്ക്ക് ഒരു നഴ്സ് എന്നതാണ് ചട്ടപ്രകാരമുള്ള അനുപാതം. എന്നാൽ, പലപ്പോഴും 1:10 എന്ന അനുപാതത്തിനും മുകളിലാണ്. രോഗികൾക്ക് മരുന്നു വിതരണവും കുത്തിവയ്പ്പും നൽകുന്നതിനൊപ്പം വിശദമായ റെക്കോർഡുകൾ തയ്യാറാക്കേണ്ടി വരും. ഡോക്ടർമാർമാർക്കൊപ്പം റൗണ്ട്സിനും പോകണം.

''രോഗികൾ പല സ്വഭാവമുള്ളവരായതിനാൽ ഇവരെ മെരുക്കുകയെന്നതും ശ്രമകരമായ ജോലിയാണ്. രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും അസഭ്യവർഷത്തിന് വിധേയരാകുന്നതും നഴ്സുമാരാണ്.

-നഴ്സുമാർ