ബൾട്ടിയുമായി സായ് അഭ്യാങ്കർ മലയാളത്തിൽ, ക്ഷണിച്ചത് മോഹൻലാൽ
ഷെയ്ൻ നിഗം നായകനാവുന്ന ബൾട്ടി എന്ന ഓണം റിലീസ് ചിത്രത്തിലൂടെ തമിഴിൽ പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുന്ന സംഗീത സംവിധായകൻ സായ് അഭ്യാങ്കർ മലയാളത്തിലേക്ക്. മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാൽ സായ് അഭ്യാങ്കറിനെ മലയാളത്തിലേക്ക് ക്ഷണിച്ച് നടത്തിയ അപ്രതീക്ഷിത വീഡിയോകോൾ ഉൾപ്പെടുന്ന ബൾട്ടിയുടെ പ്രൊമോ വീഡിയോ ആരാധകർ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. സായ്‌യുടെ പേരുള്ള ജഴ്സി മോഹൻലാൽ പിടിച്ചുനിൽക്കുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. 'കാച്ചി സേര" ആസ കൂട, സിതിര പൂത്തിരി തുടങ്ങി ഹിറ്റ് ഗാനങ്ങളിലൂടെ വളരെ പെട്ടെന്നാണ് സായ് അഭ്യാങ്കർ പ്രശസ്തിയിലേക്ക് ഉയർന്നത്. പ്രശസ്ത പിന്നണി ഗായകരായ ടിപ്പുവിന്റെയും ഹരിണിയുടെയും മകനായ സായ് തന്റെ വൈറൽ മ്യൂസിക് വീഡിയോകളിലൂടെ ഇതിനകം തന്നെ 200 ദശലക്ഷത്തിലധികം വ്യൂസ് നേടിക്കഴിഞ്ഞു. ലോകേഷ് കനകരാജിന്റെ ബെൻസ്, സൂര്യയുടെ കറുപ്പ്, അല്ലു അർജുൻ അറ്റ്‌ലി ചിത്രം, ചിമ്പുവിന്റെ ചിത്രം, പ്രദീപ് രംഗനാഥിന്റെ ഡ്യൂഡ് എന്നീ ചിത്രങ്ങൾക്ക് സായ്‌യുടെ സംഗീതമാണ്. ഷെയ്‌ൻ നിഗത്തിന്റെ 25-ാമത്തെ ചിത്രമായ ബൾട്ടി നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്യുന്നു. മലയാളത്തിലും തമിഴിലുമാണ് ബൾട്ടിയുടെ റിലീസ്. എസ്.ടി.കെ ഫ്രെയിംസിന്റെയും ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസിന്റെയും ബാനറിൽ സന്തോഷ് ടി. കുരുവിളയും ബിനു ജോർജ് അലക്സാണ്ടറും ചേർന്നാണ് നിർമ്മാണം.