മന്ത്രിയ്ക്കും, ചെയർമാനും പരാതി... പാലാ ട്രാൻ.ഡിപ്പോ പഴയ കെട്ടിടത്തിൽ നിന്ന് മാറ്റണം
പാലാ : കെ.എസ്.ആർ.ടി.സി പാലാ ഡിപ്പോയിലെ അപകടനിലയിലായ പഴയ കെട്ടിടത്തിൽ നിന്ന് ഡിപ്പോയുടെ പ്രവർത്തനം നീക്കണമെന്നാവശ്യപ്പെട്ട് സെന്റർ ഫോർ കൺസ്യൂമർ എജ്യൂക്കേഷൻ മാനേജിംഗ് ട്രസ്റ്റിയും കേരള സ്റ്റേറ്റ് ബസ് പാസഞ്ചേഴ്‌സ് അസോസിയേഷൻ ചെയർമാനുമായ ജയിംസ് വടക്കൻ മന്ത്രി കെ.ബി. ഗണേഷ് കുമാറിനും കെ.എസ്.ആർ.ടി.സി. ചെയർമാനും സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിക്കും പരാതി നൽകി. കേരള കൗമുദി ഇന്നലെ പ്രസിദ്ധീകരിച്ച വാർത്ത സഹിതമാണ് പരാതി നൽകിയത്. പിന്നീട് കെ.എസ്.ആർ.ടി.സി എക്‌സിക്യുട്ടീവ് ഡയറക്ടർ (വിജിലൻസ്) ഷാജിയെ ഫോണിൽ ബന്ധപ്പെട്ടും പരാതി അറിയിച്ചു. പുതിയ കെട്ടിടം പണിത് ഉദ്ഘാടനം കഴിഞ്ഞിട്ട് വർഷങ്ങളായിരുന്നു. പഴയ കെട്ടിടത്തിന്റെ തൂണുകൾ പൊളിഞ്ഞ് കമ്പി വെളിയിൽ കാണാം. മേൽക്കൂരയിൽ നിന്ന് സിമന്റ് പാളികൾ അടർന്നുവീഴുന്നതും, മഴയിൽ ചോർന്നൊലിക്കുന്നതും പതിവായിരുന്നു.
വാർത്ത ശ്രദ്ധയിൽപ്പെട്ടു
പാലാ ഡിപ്പോയിലെ പഴയ കെട്ടിടം അപകടാവസ്ഥയിലാണെന്ന കേരള കൗമുദി റിപ്പോർട്ട് വായിച്ചു. വിവരം ഉടൻ കെ.എസ്.ആർ.ടി.സി ചെയർമാന് കൈമാറി.
ഷാജി, എക്‌സിക്യൂട്ടീവ് ഡയറക്ടർ