വിനോദിന്റെ വീട്ടിലുണ്ട് വിന്റേജ് പാട്ടുപെട്ടികൾ

Sunday 06 July 2025 12:16 AM IST

കോട്ടയം: ലോകത്തുള്ള ഏത് പാട്ടും വിരൽത്തുമ്പിലുള്ള ന്യൂജെൻ കാലത്തും കാസറ്റിട്ട് പാട്ട് കേൾക്കാനാണ് വിനോദിനിഷ്‌ടം. പൊൻകുന്നം സ്വദേശിയായ എം.ജി വിനോദിന്റെ വാളിപ്ലാക്കൽ വീട്ടിൽ നിറയെ നൊസ്‌റ്റാൾജിയ ഉണർത്തുന്ന സംഗീതവും സംഗീതാസ്വാദക ഉപകരണങ്ങളുമാണ്. 2000ത്തിലധികം ഓഡിയോ കാസറ്റുകൾ,സി.ഡികൾ,റെക്കാർഡ് പ്ലെയറുകൾ,സ്റ്റീരിയോ റെക്കാർഡുകൾ,ഓഡിയോ പ്ലെയർ,250ലധികം പാട്ടുകളുടെ റെക്കാർഡ്‌സ്,50ഓളം ഓഡിയോ സി.ഡി പ്ലെയർ,വി.സി.ആർ,വാക്ക്മാൻ,എൽ.ഡി പ്ലെയർ,വാൽവ് റേഡിയോ,ബെഡ് ടേപ്പ്,സാറ്റലൈറ്റ് റോഡിയോ,സ്പൂൾ പ്ലെയർ,സ്പൂൾ റീലുകൾ,ഫ്ലോപ്പി ഡിസ്‌ക്,വിനൈൽ ഡിസ്‌ക്,ഉച്ചഭാഷിണികൾ,ഗ്രാമഫോൺ,സ്പീക്കർ ബോക്‌സുകൾ,പോർട്ടബിൾ ടി.വി എന്നിവയുടെയെല്ലാം ശേഖരം വിനോദിന്റെ വീട്ടിലുണ്ട്.

ഇവയെല്ലാം പ്രവർത്തിക്കുന്നതുമാണ്. ഷാർപ്പ് ജി.എഫ് 95,നാഷണൽ പാനാസോണിക്,ബോസ്,​സാനിയോ,അക്കയ് എന്നിവയുടെ സംഗീതോപകരണങ്ങളും ഇലക്ട്രിക്കൽ കോൺട്രാക്ടറായ വിനോദിന്റെ പക്കലുള്ളത്. വിനോദ് ഇവയുടെ ശേഖരണം ആരംഭിച്ചിട്ടിപ്പോൾ 20 വർഷമായിരിക്കുകയാണ്. പലയിടങ്ങളിൽ നിന്നാണ് ഇവ ശേഖരിച്ചത്. രാവിലെയും വൈകിട്ടും ഓരോ മണിക്കൂർ വീതം ദിവസവും ഓരോ പ്ലെയറുകളിൽ പാട്ടുകൾ കേൾക്കും. കൂട്ടിന് ഭാര്യ പുഷ്പലത,മക്കളായ ആര്യ,ആർച്ച,അജയ് എന്നിവരുമുണ്ട്.

ചെറുപ്പം മുതലേയുള്ള വിനോദം

എൽ.പി സ്കൂളിൽ പഠിക്കുമ്പോൾ വിവിധ രാജ്യങ്ങളിലെ സ്റ്റാമ്പുകളും ​കറൻസി നോട്ടും കോയിനുകളും വിനോദ് ശേഖരിക്കുമായിരുന്നു. ആ ഹോബിയാണ് സംഗീതാസ്വാദക ഉപകരണങ്ങളിൽ വരെ എത്തിയിരിക്കുന്നത്. ഇത് കൂടാതെ പത്രം,ക്യാമറ,കറൻസി, ക്ലോക്ക് എന്നിവയുടെ ശേഖരവുമുണ്ട്.

മെയിന്റനൻസാണ് പ്രതിസന്ധി. എല്ലാ ദിവസവും പ്രവർത്തിപ്പിച്ചില്ലെങ്കിൽ കേടാകും. ശേഖരം കാണുന്നതിനായി നിരവധി പേർ എത്താറുണ്ട്.

-എം.ജി വിനോദ്