പൂട്ടിക്കിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് കവർച്ച; മോഷ്ടാവ് പിടിയിൽ, കൂട്ടാളിക്കായി തെരച്ചിൽ

Sunday 06 July 2025 1:34 AM IST

കൊച്ചി: കളമശേരിയിലെ ഹോട്ടലിൽ തങ്ങി ജില്ലയിടെ വിവിധഭാഗങ്ങളിൽ പൂട്ടിക്കിടക്കുന്നതും ആളില്ലാത്തതുമായ വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സ്ഥിരം കുറ്റവാളി അറസ്റ്റിലായി. കോഴിക്കോട് മുക്കം അഗസ്ത്യാമുഴി പെരിചേരി വീട്ടിൽ ജംഷീർ എന്നറിയപ്പെടുന്ന നിയാസാണ് (42) കൊച്ചി സിറ്റി പൊലീസിന്റെ പിടിയിലായത്.

ഇടപ്പള്ളിനോർത്ത് വി.എ.ഐ പടിയിലെ വീട്ടിൽ ജൂലായ് ഒന്നിന് നടന്ന കവ‌ർച്ചയുമായി ബന്ധപ്പെട്ട അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. വീട്ടമ്മ അയൽപക്കത്ത് പോയ തക്കത്തിന് രാവിലെ 11.30ന് ‌വീട്ടിൽ അതിക്രമിച്ച് കയറിയ ജംഷീർ അലമാരയിൽ നിന്ന് 10 പവന്റെ സ്വർണവും 36,000 രൂപയുമായി കട‌ന്നു. ഇയാൾ സഞ്ചരിച്ച ബൈക്കിന്റെ നമ്പരും സി.സി ടിവി ദൃശ്യങ്ങളും തിരിച്ചറിഞ്ഞ് നടത്തിയ പരിശോധനകളാണ് പ്രതിയിലേക്ക് നയിച്ചത്. കഴിഞ്ഞദിവസം ചേരാനല്ലൂർ സിഗ്നൽ ജംഗ്ഷനിൽ നിന്ന് ചേരാനല്ലൂർ ഇൻസ്പെക്ടർ ആർ.വിനോദ്, എസ്.ഐ ജി. സുനിൽ എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

വീട്ടിൽ നിന്ന് കവർന്ന സ്വർണം വിറ്റുകിട്ടിയ 4.50 ലക്ഷം രൂപയും സ്വർ‌ണാഭരണങ്ങളുടെ കഷ്ണങ്ങളും കൈവശമുണ്ടായിരുന്നു. സമാനസ്വഭാവത്തിലുള്ള നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ 2022ൽ ജയിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ കുറ്റവാളിയാണ്. ബൈക്കിൽ ചുറ്റിക്കറങ്ങിയാണ് അടഞ്ഞുകിടക്കുന്ന വീടുകൾ നോക്കിവെയ്ക്കുന്നത്. കാക്കനാട് ജില്ലാ ജയിലിൽ കഴിയവെ പരിചയപ്പെട്ട മറ്റൊരു മോഷ്ടാവിന്റെ സഹായത്തോടെയാണ് ജില്ലയിൽ മോഷണങ്ങൾ നടത്തിവന്നത്. കൂട്ടാളിക്ക് വേണ്ടി തെരച്ചിലാരംഭിച്ചു.

കളമശേരിയിലെ ഹോട്ടലിൽ താമസിക്കാനായി ഇയാൾ നൽകിയത് വ്യാജ ആധാർകാർഡാണെന്ന് പൊലീസ് അറിയിച്ചു. ഒരു കൊല്ലമായി ഇവിടെ താമസിക്കുകയായിരുന്നു. കൊറിയർ സ്ഥാപനത്തിലെ ജീവനക്കാരനെന്നാണ് ഹോട്ടലിൽ പറഞ്ഞത്.മോഷണം നടത്താൻ ജംഷീർ ഉപയോഗിച്ച ബൈക്കിനെക്കുറിച്ചും അന്വേഷണം നടക്കുന്നു.