താലൂക്ക് ലൈബ്രറി കൗൺസിൽ വായനായനം സമാപിച്ചു പുസ്തകങ്ങൾ കാലം ആവശ്യപ്പെടുന്ന മതവും പ്രത്യയശാസ്ത്രവും: എം. മുകുന്ദൻ

Sunday 06 July 2025 12:01 PM IST
പയ്യന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ വായനായനം പരിപാടിയുടെ സമാപനം എഴുത്തുകാരൻ എം. മുകുന്ദൻ ഉദ്ഘാടനം ചെയ്യുന്നു

പയ്യന്നൂർ: കാലം ആവശ്യപ്പെടുന്ന മതവും പ്രത്യയശാസ്ത്രവും പുസ്തകങ്ങളാണെന്ന് എഴുത്തുകാരൻ എം. മുകുന്ദൻ പറഞ്ഞു. താലൂക്ക് ലൈബ്രറി കൗൺസിൽ കഴിഞ്ഞ ഒരു വർഷമായി സംഘടിപ്പിച്ചുവരുന്ന വായനായനം പരിപാടിയുടെ സമാപനം കണ്ടോത്ത് കൂർമ്പ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുമ്പ് ആഹ്ലാദത്തിനാണ് പുസ്തകം വായിച്ചതെങ്കിൽ ഇപ്പോൾ അത് ഭക്ഷണവും ജീവവായുവും വെള്ളവും പോലെ അനിവാര്യമായ ഒന്നാണ്. ഓൺലൈൻ വായനയിലേക്ക് പോയ മനുഷ്യർ അതുപേക്ഷിച്ച് പുസ്തകത്തിലേക്ക് അതിവേഗം തിരിച്ചെത്തിയതായി പഠനങ്ങൾ തെളിയിക്കുന്നു. പുസ്തകങ്ങളാണ് വ്യക്തിത്വത്തെയും മനുഷ്യനെയും രൂപപ്പെടുത്തുന്നത്. വേദന മായ്ക്കുന്ന സാന്ത്വനമാണ് പുസ്തകങ്ങൾ. കുട്ടികളെ പുസ്തകങ്ങൾക്കൊപ്പം വളർത്താൻ ശ്രദ്ധിക്കണമെന്നും എങ്കിൽ മാത്രമെ അവർ നല്ല മനുഷ്യരായി വളരുകയുള്ളുവെന്നും മുകുന്ദൻ പറഞ്ഞു.

ഒരു വർഷം കൊണ്ട് 250 വായനശാലകളിലൂടെ 2500 വീടുകളിൽ പുസ്തക വായന സംഘടിപ്പിച്ച് 15000 ത്തോളം പുസ്തകങ്ങൾ വായിച്ച് ചർച്ച ചെയ്ത പയ്യന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ ആശയം ലോകത്ത് ആദ്യത്തേതാണെന്നും അദ്ദേഹം പറഞ്ഞു.

ടി.ഐ. മധുസൂദനൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. അംബികാസുതൻ മാങ്ങാട് മുഖ്യാതിഥിയായി. താലൂക്ക് സെക്രട്ടറി കെ. ശിവകുമാർ ആമുഖഭാഷണം നടത്തി. നഗരസഭാംഗം കെ. ചന്ദ്രിക, വി.പി. മോഹനൻ, കെ. ജയരാജ്, എം.കെ. രമേഷ് കുമാർ, വി.കെ.പി. ഇസ്മയിൽ, പനക്കീൽ ബാലകൃഷ്ണൻ, വി.പി. സുകുമാരൻ, വൈക്കത്ത് നാരായണൻ, വി.പി. സുകുമാരൻ, പി.എം. കൃഷ്ണപ്രഭ, കെ.സി. ലക്ഷ്മണൻ സംസാരിച്ചു. താലൂക്ക് പ്രസിഡന്റ് കെ. ദാമോദരൻ സ്വാഗതം പറഞ്ഞു. രാവിലെ താലൂക്ക് പ്രവർത്തക സംഗമം ജില്ലാ പഞ്ചായത്ത് അംഗം എം. രാഘവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കൗൺസിൽ അംഗങ്ങൾ,​ താലൂക്ക് എക്സിക്യുട്ടീവ് അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.