കലയുടെ വേദിയാകാൻ തൃശൂർ

Sunday 06 July 2025 12:05 AM IST

2026ലെ സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിൽ

തൃശൂർ: ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തൃശൂർ വേദിയാകുന്നു. മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന 2018 ലാണ് അവസാനമായി കലോത്സവത്തിന് തൃശൂർ ആതിഥേയത്വം വഹിച്ചത്. അന്ന് മികച്ച സംഘാടനം കൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു കലോത്സവം. തിരുവനന്തപുരത്ത് നടന്ന കഴിഞ്ഞ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ജേതാക്കളായതിന്റെ ആവേശം വിട്ടൊഴിയും മുൻപാണ് കലോത്സവത്തിന് വേദിയായി തൃശൂരിനെ തിരഞ്ഞെടുത്തത്. 1008 പോയിന്റ് നേടി തൃശൂർ ജില്ല 25 വർഷങ്ങൾക്ക് ശേഷം കലാകിരീടം സ്വന്തമാക്കിയിരുന്നു. തേക്കിൻകാട് മൈതാനി പ്രധാന വേദിയാക്കിയും നഗരത്തിലെ സ്‌കൂളുകളും ടൗൺഹാളും സാഹിത്യ അക്കാഡമിയും റീജ്യണൽ തിയറ്റേറുമടക്കം 20 ലേറെ വേദികളാണ് ഒരുക്കിയിരുന്നത്. അന്ന് മന്ത്രിമാരായിരുന്ന പ്രൊഫ.സി.രവീന്ദ്രനാഥ്, എ.സി.മൊയ്തീൻ, വി.എസ്.സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കാലോത്സവത്തിന് ചുക്കാൻ പിടിച്ചത്. ജനപങ്കാളിത്തം കൊണ്ടും തൃശൂരിലെ കലോത്സവം ശ്രദ്ധേയമായിരുന്നു. കഴിഞ്ഞ സ്‌കൂൾ കലോത്സവത്തിന്റെ തിളക്കം നിലനിറുത്തുകയെന്ന ദൗത്യം കൂടി ഇത്തവണ തൃശൂരിനുണ്ട്. 1999ലാണ് അവസാനമായി ജില്ല കിരീടം ചൂടിയത്.

വരുന്നത് ഒമ്പതാം തവണ

2026 ലെ സ്‌കൂൾ കലോത്സവത്തിന് വേദിയാകുന്നതോടെ തൃശൂർ ഒമ്പതാം തവണയാകും കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്നത്. 1957 ൽ തുടക്കം കുറിച്ച കലോത്സവത്തിൽ 1963,1968,1978,1986,1993,2004,2012, 2018 എന്നീ വർഷങ്ങളിലാണ് തൃശൂർ ആതിഥേയത്വം വഹിച്ചത്. കലോത്സവത്തിന്റെ ചരിത്രത്തിൽ ആറുതവണ ജേതാക്കളാകുകയും ചെയ്തു. മൂന്നു തവണ വീതം കോഴിക്കോട് , തിരുവനന്തപുരം ജില്ലകളും ആലപ്പുഴ, ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയും ജേതാക്കളായിട്ടുണ്ട്.