വന്യജീവി ആക്രമണം: തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് കെ. സലിംകുമാർ

Sunday 06 July 2025 1:37 AM IST
വന്യജീവി ആക്രമണങ്ങൾ പരിഹാരം സാധ്യമോ - എന്ന വിഷയത്തിൽ സി.പി.ഐ മൂന്നാറിൽ നടത്തിയ സെമിനാറിൽ ജില്ലാ സെക്രട്ടറി കെ.സലിംകുമാർ സംസാരിക്കുന്നു

മൂന്നാർ: വന്യമൃഗങ്ങളെക്കാൾ പ്രാധാന്യം മനുഷ്യനാണെന്നും മനുഷ്യ ജീവനേക്കാൾ ഒരു മൃഗത്തിനും വില കൽപ്പിക്കാൻ കഴിയില്ലെന്ന ഉറച്ച നിലപാടുള്ള പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെന്നും സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ. വന്യജീവി ആക്രമണങ്ങൾ പരിഹാരം സാധ്യമോ - എന്ന വിഷയത്തിൽ സി.പി.ഐ മൂന്നാറിൽ നടത്തിയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്യജീവി ആക്രമണം ഉണ്ടാകുമ്പോൾ പല തരത്തിലുള്ള വ്യാഖ്യാനങ്ങൾ നാട്ടിൽ ഉയർന്ന് വരുന്നുണ്ട്. സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനുള്ള ശ്രമങ്ങൾ അരങ്ങേറുന്നു. എന്നാൽ, വന്യജീവികൾക്ക് എല്ലാ സംരക്ഷണവും നൽകുന്ന കേന്ദ്ര നിയമം നിലനിൽക്കുന്ന കാര്യം പലരും സൗകര്യപൂർവം മറക്കുന്നു. പാർലമെന്റ് പാസാക്കിയ ആ നിയമത്തിൽ മനുഷ്യനേക്കാളും പ്രാധാന്യം വന്യമൃഗങ്ങൾക്കാണ്. പ്രതിരോധ നടപടികൾ സ്വീകരിക്കുമ്പോൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അതിൽ പങ്കാളിത്തം ഉണ്ടാകണം. തദ്ദേശ സ്ഥാപനങ്ങൾക്ക് ഈ കാര്യങ്ങളിൽ ഇടപെടാനും അത്തരം കാര്യങ്ങൾക്ക് ഫണ്ട് വിനിയോഗിക്കാനും കഴിയുന്ന തരത്തിലുള്ള നയങ്ങൾ വേണം. വന്യമൃഗങ്ങൾ മനുഷ്യവാസകേന്ദ്രങ്ങളിലേക്ക് കടന്ന് വരാതിരിക്കാനുള്ള സംവിധാനങ്ങളൊരുക്കാൻ പലതരം നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ട്. എന്നാൽ, ആ നടപടികൾ പൂർണമാണെന്ന് കരുതുന്നില്ലെന്നും സലിംകുമാർ പറഞ്ഞു.