പീരുമേട് താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ ശീതസമരം; ദൈനംദിന പ്രവർത്തനത്തെ ബാധിക്കുന്നതായി താലൂക്ക് സഭ

Sunday 06 July 2025 12:42 AM IST
പീരുമേട് താലൂക്ക് ആശുപത്രി

പീരുമേട്: പീരുമേട് താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ ശീതസമരം ഇവിടെയെത്തുന്ന രോഗികൾക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായും ദൈനംദിന പ്രവർത്തനത്തെ ബാധിക്കുകയാണെന്നും പീരുമേട് താലക്ക് സഭയിൽ വിമർശനം. പാവപ്പെട്ട തോട്ടം തൊഴിലാളികളും സാധാരണക്കാരായ കർഷകരും ആശ്രയിക്കുന്ന പീരുമേട് താലൂക്ക് ആശുപത്രിയിലെ അനുബന്ധ സൗകര്യങ്ങൾ മെച്ചപ്പെട്ടപ്പോൾ ഡോക്ടർമാരുടെ കുറവ് ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുകയാണ്. ചില ഡോക്ടർമാർ നീണ്ട അവധി എടുക്കുന്നതും പകരം ആരും പീരുമേട്ടിലേക്ക് വരാൻ തയ്യാറാകാത്തതുമാണ് പ്രശ്നം. ഇത് പരിഹരിച്ച് ആശുപത്രിയുടെ പ്രവർത്തനം സുഗമമാക്കണമെന്ന് വാഴൂർ സോമൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന താലൂക്ക് സഭ യോഗം ആവശ്യപ്പെട്ടു. ഒരു വർഷത്തിനു മുമ്പ് എല്ലാ സൗകര്യങ്ങളോടു കൂടിയും പ്രസവ വാർഡ് ആരംഭിച്ചു. അതോടൊപ്പം തന്നെ ലാബ് സൗകര്യങ്ങളും മൊബൈൽ മോർച്ചറിയും മറ്റ് സൗകര്യങ്ങളും അടുത്ത കാലത്താണ് ആരംഭിച്ചത്. നിലവിലുണ്ടായിരുന്ന ഒരു മോർച്ചറിയുടെ അറ്റകുറ്റ പണികൾ പരിഹരിച്ച് ഒരേസമയം മൂന്നു മൃതദേഹങ്ങൾ വയ്ക്കാൻ കഴിയുന്ന നിലയലേക്ക് ഫ്രീസറികളുടെ എണ്ണം വർദ്ധിപ്പിച്ചു. പുതുതായി നിർമ്മിച്ച അഞ്ചു ടോയ്‌ലെറ്റുകൾ തുറന്നു കൊടുത്തു. എക്സറേ മെഷീനായി 15 ലക്ഷം രൂപ അനുവദിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ ഇലക്ട്രിക്കൽ വർക്കുകൾ ടെൻഡർ എടുക്കാൻ ആളില്ലാത്തതിനെ തുടർന്ന് പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ വിഭാഗം വയറിങ് നടത്തി പൂർത്തിയായാൽ സർക്കാർ നിർദേശിക്കുന്ന ഏജൻസിയിൽ നിന്ന് എക്സ്‌റേ മിഷൻ വാങ്ങി സ്ഥാപിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.വി. ജോസഫ് താലൂക്ക് സഭയിൽ അറിയിച്ചു. ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ തോമസ്, വണ്ടിപ്പെരിയാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീരാമൻ, അഴുത ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.എം. നൗഷാദ്, പീരുമേട് തഹസിൽദാർ വി. സന്തോഷ്, വണ്ടിപ്പെരിയാർ ജോയിന്റ് ആർ.ടി.ഒ ടി.എം. ഇബ്രാഹിം കുട്ടി എന്നിവർ സംസാരിച്ചു.