നവജാത ശിശുവിന്റെ മരണം: പ്രതിഷേധം കനക്കുന്നു

Sunday 06 July 2025 12:52 AM IST

അടിമാലി: ചികിത്സാ പിഴവിനെ തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ ആദിവാസി സ്ത്രീയുടെ നവജാത ശിശു മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ 15ന് കുറത്തിക്കുടിയിൽ നിന്ന് അടിമാലി താലൂക്ക് ആശുപത്രിയിലെത്തി ഡോക്ടർ മടക്കി അയച്ച ഗർഭിണിയായ ആദിവാസി സ്ത്രീയുടെ കുഞ്ഞാണ് മരിച്ചത്. അമ്മ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇപ്പോൾ അടിമാലി താലൂക്ക് ആശുപത്രിയിൽ തന്നെ തുടർ ചികിത്സയിലാണ്. 14ന് വയറുവേദനയുമായി കുറത്തികുടിയിൽ നിന്ന് 48 കിലോമീറ്ററിലധികം താണ്ടി എത്തിയ യുവതിയെ അടിമാലി താലൂക്ക് ആശുപത്രിയിലെ ലേബർ റൂമിൽ കയറ്റി പരിശോധിച്ചതിനുശേഷം കുഴപ്പമൊന്നുമില്ലെന്നും പറഞ്ഞു ഡോക്ടർ തിരിച്ച് പറഞ്ഞയക്കുകയായിരുന്നു. എന്നാൽ രാത്രി വേദന കലശലായതിനെ തുടർന്ന് അവർ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ തന്നെ തിരികെയെത്തി. അടിയന്തര ശസ്ത്രക്രിയയിലൂടെ കുഞ്ഞനെ പുറത്തെടുത്തെങ്കിലും മരിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ മാതാവിനെ കോട്ടയം മെഡിക്കൽ കോളേജിലേക്കും റഫർ ചെയ്തു. ദാരുണസംഭവത്തിൽ അടിമാലി താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെയും ജീവനക്കാരുടെയും അനാസ്ഥയാണ് കാരണമെന്നാണ് ആരോപണം ഉയരുന്നത്. കുറ്റക്കാരായ ഡോക്ടറെയും നഴ്സുമാരെയും മാറ്റിനിറുത്തി അന്വേഷണം നടത്തണമെന്നും കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യം ശക്തമായി.

മുമ്പേ ആക്ഷേപം

താലൂക്ക് ആശുപത്രിയിലെ ചില ഡോക്ടർമാർ നിരുത്തരവാദപരമായി രോഗികളോടും കൂട്ടിരുപ്പുകാരോടും പെരുമാറുന്നതായി വ്യാപകമായി ആക്ഷേപമുണ്ട്. അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്യുന്ന ചില നഴ്സുമാർ രോഗികളെ അഡ്മിറ്റാക്കാതെ മറ്റ് ആശുപത്രികളിലേക്ക് കൊണ്ടു പൊയ്‌ക്കൊള്ളാൻ ആവശ്യപ്പെടുന്നതായും ആക്ഷേപം ഉയരുന്നുണ്ട്.

മെഡിക്കൽ സംഘം വിവരങ്ങൾ ശേഖരിച്ചു

നവജാത ശിശുവിന്റെ മരണത്തെ തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശ പ്രകാരം നിയോഗിക്കപ്പെട്ട മെഡിക്കൽ സംഘം അടിമാലി താലൂക്ക് ആശുപത്രിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. ഈ റിപ്പോർട്ട് ലഭിച്ച ശേഷമാകും വകുപ്പുതല തുടർ നടപടി. സംഭവം വിവാദമായതോടെ അടിമാലി താലൂക്കാശുപത്രി സൂപ്രണ്ടും ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശാനുസരണം റിപ്പോർട്ട് നൽകിയിരുന്നു. യുവതിയിൽ നിന്നും ബന്ധുക്കളിൽ നിന്നുമടക്കം ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശ പ്രകാരം മെഡിക്കൽ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.