12 മാംസ വിൽപനശാലകൾക്കെതിരെ ആരോഗ്യവിഭാഗത്തിന്റെ നടപടി

Sunday 06 July 2025 12:52 AM IST

തൊടുപുഴ: വൃത്തിഹീനമായി പ്രവർത്തിച്ചിരുന്ന 12 മാംസ വിൽപന ശാലകൾക്കെതിരെ നഗരസഭാ ആരോഗ്യവിഭാഗം നോട്ടീസ് നൽകി. നഗരസഭാ പരിധിയിലെ മാംസ വില്പന സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെപ്പറ്റി താലൂക്ക് വികസന സമിതിയിൽ പരാതിയുയർന്നതിനെ തുടർന്നാണ് ആരോഗ്യവിഭാഗം സ്‌ക്വാഡ് പരിശോധന നടത്തിയത്. പട്ടയംകവല, മുതലക്കോടം, മങ്ങാട്ടുകവല, കുമ്പംകല്ല് ഭാഗങ്ങളിലായിരുന്നു ഇന്നലത്തെ പരിശോധന. പല സ്ഥലങ്ങളും വൃത്തിഹീനമായ അവസ്ഥയിലായിരുന്നു. ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ല, മാംസം തൂക്കിയിട്ടിരിക്കുന്നത് ഗ്ലാസിട്ട് മറച്ചില്ല, ശരിയായ രീതിയിൽ മാലിന്യ സംസ്‌കരണ സംവിധാനം ഒരുക്കിയില്ല എന്നിങ്ങനെയുള്ള ന്യൂനതകളാണ് പ്രധാനമായും പരിശോധനയിൽ കണ്ടെത്തിയത്. സീനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബിജോ മാത്യു, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ വി.പി. സതീശൻ, പി.വി ദീപ എന്നിവരാണ് പരിശോധന നടത്തിയത്.