പൊള്ളലേറ്റവർക്ക് ആശ്വാസമേകാൻ കേരളത്തിൽ ആദ്യത്തെ സ്‌കിൻ ബാങ്ക് തലസ്ഥാനത്ത്
തിരുവനന്തപുരം: ഗുരുതരമായി പൊള്ളലേറ്റവർക്ക് ഉൾപ്പെടെ ത്വക്ക് ലഭ്യമാക്കി ശസ്ത്രക്രിയ നടത്തുന്നതിനുള്ള സ്കിൻ ബാങ്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സജ്ജം. ഉദ്ഘാടനം ലോക പ്ലാസ്റ്റിക് സർജറി ദിനമായ 15ന് നടക്കും.
6.75 കോടി രൂപ ചെലവഴിച്ചാണ് സ്‌കിൻ ബാങ്ക് സജ്ജമാക്കിയത്.പൊള്ളലേറ്റ ഭാഗങ്ങൾ മാറ്റിവയ്ക്കുന്നതിനായി, ദാതാക്കളിൽ നിന്ന് ശേഖരിക്കുന്ന ചർമ്മം സൂക്ഷിക്കുന്ന ഇടമാണ് സ്‌കിൻ ബാങ്ക്. ഗുരുതരമായി പൊള്ളലേൽക്കുന്നവർക്ക് അവരുടെ സ്വന്തം ചർമ്മം ഉപയോഗിക്കാൻ സാധിക്കാതെ വരുമ്പോൾ,സ്‌കിൻ ബാങ്കിൽ സൂക്ഷിച്ചിരിക്കുന്ന ചർമ്മം നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ വച്ചുപിടിപ്പിക്കും. ഇത് രോഗിയുടെ വേദന കുറയ്ക്കാനും അണുബാധ തടയാനും വേഗത്തിൽ സുഖം പ്രാപിക്കാനും ജീവൻ രക്ഷിക്കാനും സഹായിക്കും. പ്രത്യേക താപനിലയിലും സംവിധാനത്തിലുമാണ് ചർമ്മം സംരക്ഷിക്കുന്നത്. അവയവദാന പ്രക്രിയയിലൂടെ ത്വക്ക് ലഭ്യമാക്കാനായി കെ സോട്ടോയുടെ അനുമതിയും സ്കിന് ബാങ്കിന് ലഭിച്ചു.
പ്ലാസ്റ്റിക് സർജറി വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് ബേൺസ് യൂണിറ്റുകൾ പ്രവർത്തിക്കുന്നത്. പൊള്ളലേറ്റവർക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്രധാന മെഡിക്കൽ കോളേജുകളിൽ ബേൺസ് യൂണിറ്റുകൾ സജ്ജമാക്കി.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്‌കിൻ ബാങ്ക് സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
മന്ത്രി വീണാ ജോർജ്