കേസിൽ നഷ്ടമായത് രണ്ടുമാസം മെഡിക്കൽ കോളേജിലെ സി.ടി സ്കാനിനുള്ള സ്റ്റേ നീങ്ങി
സി.ടി യന്ത്രം സ്ഥാപിച്ചത് 4.5 കോടി ചെലവാക്കി ഒരാഴ്ചത്തെ ട്രയൽ റണ്ണിനുശേഷം ജനങ്ങൾക്ക് സേവനം ലഭിക്കും
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി (കെ.എച്ച്.ആർ.ഡബ്ല്യു.എസ്) സ്ഥാപിച്ച സ്കാനിംഗ് യന്ത്രം പ്രവർത്തിപ്പിക്കുന്നത് തടഞ്ഞ സ്റ്റേ ഹൈക്കോടതി നീക്കി. പരാതി അനാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
4.5 കോടി ചെലവാക്കി സ്ഥാപിച്ച യന്ത്രം ഉദ്ഘാടനത്തിന് സജ്ജമാകുന്നതിനിടെയാണ് നിയമക്കുരുക്കിലായത്. ഇതോടെ രണ്ടുമാസം നഷ്ടമായി. ഒരാഴ്ചത്തെ ട്രയൽ റണ്ണിനുശേഷം ഉടൻ രോഗികൾക്ക് സേവനം ലഭ്യമാക്കാനാണ് കെ.എച്ച്.ആർ.ഡബ്ല്യു.എസ് അധികൃതരുടെ തീരുമാനം. ആശുപത്രി വികസനസമിതി അംഗമായ കെ.എസ്.മുഹമ്മദ് ബാബുവാണ് സി.ടി യന്ത്രത്തിന്റെ പ്രവർത്തനം തടയണമെന്ന് ആവശ്യപ്പെട്ട് മേയ് ഒമ്പതിന് ഹൈക്കോടതിയിൽ നിന്ന് സ്റ്റേവാങ്ങിയത്.
17വർഷം മുമ്പ് കെ.എച്ച്.ആർ.ഡബ്ല്യു.എസ് മെഡിക്കൽ കോളേജിൽ നിർമ്മിച്ച കാത്ത്ലാബിന്റെ പ്രവർത്തനലാഭം ആശുപത്രി വികസന സമിതിയുമായി പങ്കുവച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്.
ഇതിൽ തീരുമാനമാകാതെ സി.ടി സ്കാൻ യൂണിറ്റ് പ്രവർത്തനമാരംഭിക്കാൻ അനുവദിക്കരുതെന്നായിരുന്നു ആവശ്യം. ഇതോടെയാണ് ഉദ്ഘാടനം തടഞ്ഞത്. നിയമപ്പോരാട്ടങ്ങൾക്കൊടുവിൽ ജസ്റ്റിസ് നഗരേഷ് അദ്ധ്യക്ഷനായ ബെഞ്ച് പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തി കേസ് തള്ളുകയായിരുന്നു.
പാവങ്ങളുടെ കാത്തിരിപ്പ്!
നിലവിൽ മൂന്ന് സി.ടി സ്കാൻ യൂണിറ്റുകളുണ്ടെങ്കിലും മെഡിക്കൽ കോളേജിലെത്തുന്ന പാവപ്പെട്ടവർക്ക് സി.ടി സ്കാനിംഗിന് കുറഞ്ഞത് 10 ദിവസം കാത്തിരിക്കേണ്ട സ്ഥിതിയാണ്. ഗുരുതരാവസ്ഥയിലുള്ളവർക്കും ഇത് ബാധകമാണ്. പുതിയ സ്കാനിംഗ് യന്ത്രം പ്രവർത്തനസജ്ജമാകുന്നതോടെ കാത്തിരിപ്പ് കുറയും. പ്രതിദിനം നൂറുകണക്കിന് രോഗികൾക്ക് ആശ്വാസമാകും.
ഹൈദരാബാദിലുള്ള കമ്പനി അധികൃതരോട് അടിയന്തരമായെത്തി ട്രയൽറൺ
ആരംഭിക്കാൻ നിർദ്ദേശം നൽകി. ഒരാഴ്ചക്കുള്ളിൽ ഇത് പൂർത്തിയാകും.
-പി.കെ.സുധീർ ബാബു
എം.ഡി,കെ.എച്ച്.ആർ.ഡബ്ല്യു.എസ്