തത്സുകി പ്രവചനം പാളി; മഹാസുനാമി വന്നില്ല, ജപ്പാന്റെ 30000 കോടി ആവി

Sunday 06 July 2025 12:04 AM IST

ടോക്കിയോ: റിയോ തത്സുകിയുടെ 'മെഗാ സുനാമി" പ്രവചനം പാളിയെങ്കിലുംഅതു സൃഷ്ടിച്ച അങ്കലാപ്പ് ജപ്പാന് സാമ്പത്തിക സുനാമിയായി. വിനോദസഞ്ചാര മേഖലയിൽ 30,​000 കോടി രൂപയുടെ വരുമാനം നഷ്ടമായെന്ന് സൂചന. ഈ കണക്ക് സർക്കാർ അംഗീകരിച്ചിട്ടില്ല.

ജൂലായ് അഞ്ചിന് പുലർച്ചെ 4.18ന് മഹാദുരന്തം സംഭവിക്കുമെന്നായിരുന്നു മാംഗ ആർട്ടിസ്റ്റായ തത്സുകിയുടെ പ്രവചനം. മഹാ നഗരങ്ങൾ കടലിൽ വീഴുമെന്നാണ് പറഞ്ഞത്. ഭൂകമ്പവും പിന്നാലെ മെഗാ സുനാമിയും ഉണ്ടാകുമെന്ന ഭീതിയിലായി ജനങ്ങൾ. ദുരന്തം സംഭവിച്ചില്ലെങ്കിലും പ്രവചനം ജപ്പാന്റെ സാമ്പത്തിക രംഗത്തെയും ടൂറിസത്തെയും ഗുരുതരമായി ബാധിച്ചു.

സഞ്ചാരികൾ ജപ്പാനിലേക്കുള്ള യാത്ര കൂട്ടത്തോടെ റദ്ദാക്കി. അടുത്തിടെ തീവ്രത കുറഞ്ഞ നൂറുകണക്കിന് ചെറു ഭൂചലനങ്ങൾ ഉണ്ടായതോടെ ആശങ്ക ഇരട്ടിയായി. ക്യുഷു ദീപ്വിൽ അഗ്നിപർവ്വത സ്‌ഫോടനം കൂടി ഉണ്ടായി. സഞ്ചാരികൾ കുറഞ്ഞതോടെ ഹോങ്കോങ്ങിൽ നിന്നുള്ള ചില ഫ്ലൈറ്റുകൾ റദ്ദാക്കി.

ഭീതി മാറ്റാൻ 'താൻ ഒരു പ്രവാചക അല്ല" എന്ന് തത്സുകി പ്രസ്താവന ഇറക്കിയിട്ടും ഫലം ഉണ്ടായില്ല.

ലോകത്ത് ഏറ്റവും കൂടുതൽ ഭൂകമ്പ, അഗ്നിപർവത സ്ഫോടന സാദ്ധ്യതയുള്ള പസഫിക് റിംഗ് ഒഫ് ഫയർ മേഖലയിൽ ഉൾപ്പെടുന്നതാണ് ജപ്പാൻ. ചെറു ഭൂചലനങ്ങൾ ജപ്പാനിൽ സാധാരണമാണ്. ഇവയെ അതിജീവിക്കാൻ ശേഷിയുള്ളതാണ് കെട്ടിടങ്ങൾ.

മുൻ പ്രവചനങ്ങൾ ഫലിച്ചു

 ജാപ്പനീസ് ബാബാ വാംഗ എന്നാണ് റിയോ തത്സുകി (70) അറിയപ്പെടുന്നത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് പ്രവചനങ്ങൾ നടത്തി പ്രശസ്തയായ ബൾഗേറിയക്കാരിയാണ് ബാബ വാംഗ

 ജപ്പാനിൽ 20,000ത്തോളം പേരുടെ ജീവനെടുത്ത, 2011ലെ ഭൂകമ്പവും സുനാമിയും തത്സുകി പ്രവചിച്ചിരുന്നെന്നാണ് അവകാശവാദം.

 കോമിക് ഇല്ലുസ്‌ട്രേറ്ററായ തത്സുകി 1999 രചിച്ച 'ദ ഫ്യൂച്ചർ ഐ സോ' എന്ന ചിത്രകഥാ പുസ്തകത്തിലൂടെയാണ് പ്രവചനങ്ങൾ നടത്തിയത്

 താൻ കണ്ട സ്വപ്നങ്ങൾ തത്സുകി ചിത്രകഥാ രൂപത്തിൽ (മാംഗ) ആക്കുകയായിരുന്നത്രെ. 2021ൽ പുസ്തകം വീണ്ടും പുറത്തിറങ്ങി

 2025 ജൂലായ് അഞ്ചിന് പുലർച്ചെ 4.18ന് ജപ്പാനും ഫിലിപ്പീൻസിനും ഇടയിലെ കടൽ തിളച്ചുമറിയുമെന്നും ആയിരങ്ങൾ മരിക്കുമെന്നും പ്രവചിച്ചു

 ഗായകൻ ഫ്രെഡി മെർക്കുറി (മരണം-1991), ഡയാന രാജകുമാരി (മരണം-1997) എന്നിവരുടെ മരണത്തെ പറ്റിയും വർഷങ്ങൾക്ക് മുമ്പേ തത്സുകി സ്വപ്നം കണ്ടെന്ന് പുസ്തകത്തിൽ പറയുന്നുണ്ട്