ഓൺലൈൻ തട്ടിപ്പ്; നാലാമനും അറസ്റ്റിൽ

Sunday 06 July 2025 8:30 AM IST

ആലപ്പുഴ: ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ മാവേലിക്കര സ്വദേശിനിയിൽ നിന്ന് പണം തട്ടിയ സംഘത്തിലെ നാലാമൻ അറസ്റ്റിലായി. മലപ്പുറം തിരൂർ രണ്ടത്താണിയിൽ ചെറുവാക്കത്ത് വീട്ടിൽ മുനീറിനെയാണ് (31) ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരിയിൽ നിന്ന് പണം അയച്ചുവാങ്ങി എ.ടി.എം വഴി പിൻവലിച്ച ബാങ്ക് അക്കൗണ്ട് ഉടമയാണ് മുനീർ. ഏപ്രിൽ മുതൽ റന്റ് ഹൗസ് എന്ന യു.എസ് കമ്പനിയുടെ പ്രതിനിധിയാണെന്ന് പറഞ്ഞു വാട്സ് ആപ്പ് വഴി ബന്ധപ്പെട്ടായിരുന്നു തട്ടിപ്പ്.

13.60 ലക്ഷം രൂപയാണ് പരാതിക്കാരിയിൽ നിന്ന് പ്രതികൾ തട്ടിയത്. ആലപ്പുഴ ഡി.സി.ആർ.ബി ഡി.വൈ.എസ്.പി എം.എസ്. സന്തോഷിന്റെ നിർദ്ദേശപ്രകാരം ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഏലിയാസ് പി. ജോർജ്ജിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ വി.എസ്. ശരത്ചന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ എസ്. നെഹൽ, സിവിൽ പൊലീസ് ഓഫീസർമാരായ കെ. റികാസ്, ജേക്കബ് സേവ്യർ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്. പ്രതിയുടെ പേരിൽ വിവിധ സംസ്ഥാനങ്ങളിലായി ആറു പരാതികൾ നിലവിലുണ്ട്.