ബോട്ട് മുഖം മിനുക്കാൻ പോയി, ദുരിതത്തിലായി യാത്രക്കാർ
ആലപ്പുഴ : മന്ത്രിയുടെ വരവിന് മുന്നോടിയായി മുഖം മിനുക്കാൻ ബോട്ട് ഡോക്കിൽ പിടിച്ചത് യാത്രക്കാരെ വലച്ചു. കുമരകം - മുഹമ്മ റൂട്ടിലെ എസ്.52 നമ്പർ ബോട്ടാണ് മുന്നറിയിപ്പില്ലാതെ പെയിന്റിംഗിനും അറ്റകുറ്റപ്പണികൾക്കുമായി ഇന്നലെ സർവീസ് മുടക്കിയത്. അടുത്തയാഴ്ച സോളാർ ബോട്ട് സർവീസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേശ് കുമാർ മുഹമ്മയിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
മന്ത്രിയെത്തുന്നതിന് മുന്നോടിയായി ബോട്ട് പെയിന്റ് ചെയ്ത് വൃത്തിയാക്കാനാണ് ധൃതിപിടിച്ച് ഡോക്കിൽ കയറ്റിയതെന്നാണ് യാത്രക്കാരുടെ ആക്ഷേപം. എന്നാൽ ബോട്ടിന്റെ വാർഷിക ഫിറ്റ്നസ് പരിശോധനയ്ക്കായി അറ്റകുറ്റപ്പണികൾക്കും സർവേയ്ക്കുമാണ് ബോട്ട് ഡോക്കിൽ അയച്ചതെന്നാണ് ജലഗതാഗത വകുപ്പ് മുഹമ്മ ഓഫീസിന്റെ വിശദീകരണം. കോട്ടയം - മുഹമ്മ റൂട്ടിൽ സർവീസ് നടത്തുന്ന രണ്ട് ബോട്ടുകളിലൊന്നാണിത്. ഒരു ദിവസം 32 ട്രിപ്പുകളാണ് കോട്ടയം - കുമരകം റൂട്ടിൽ ഇരു ബോട്ടുകളും നടത്തുന്നത്. യാത്രക്കാരുടെ വാട്ട്സ് ആപ് ഗ്രൂപ്പിലോ കുമരകം ബോട്ട് ജെട്ടിയിലോ യാതൊരു മുന്നറിയിപ്പും നൽകാതെയാണ് ശനിയാഴ്ച ബോട്ട് പിൻവലിച്ചത്. ഇത് രാവിലെ കുമരകത്ത് നിന്ന് മുഹമ്മയിലേക്ക് വരാൻ കാത്തുനിന്ന യാത്രക്കാരെ ദുരിതത്തിലാക്കി. അത്യാവശ്യ ഘട്ടങ്ങളിൽ പകരം സർവീസിന് സ്പെയർ ബോട്ടെന്നത് യാത്രക്കാരുടെ കാലങ്ങളായുള്ള ആവശ്യമാണെങ്കിലും അത് ചെവിക്കൊള്ളാൻ അധികൃതർ തയ്യാറായിട്ടില്ല. വാഹനങ്ങൾ കൂടി കയറ്റിപ്പോകാവുന്ന ബോട്ടുകളില്ലാത്തതാണ് ബദൽ സർവീസിന് തടസമെന്നാണ് ജലഗതാഗത വകുപ്പിന്റെ വിശദീകരണം. ഫിറ്റ് നസ് പരിശോധന പൂർത്തിയായാൽ ബോട്ട് ഇന്ന് സർവീസ് പുനരാരംഭിക്കും.