ഡൽഹിയിൽ തീപിടിത്തം; രണ്ട് മരണം

Sunday 06 July 2025 12:32 AM IST

ന്യൂഡൽഹി: കരോൾബാഗിൽ നാലുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ടുപേർ മരിച്ചു. കെട്ടിടത്തിന്റെ ലിഫ്റ്റിൽ കുടുങ്ങിയാണ് ഒരാൾ മരിച്ചത്. കുമാർ ധിരേന്ദ്ര പ്രതാപ് സിംഗിന്റെ (25) മൃതദേഹം ലിഫ്റ്റിൽ കണ്ടെത്തുകയായിരുന്നു. തീപിടിത്തമുണ്ടായ ഉടൻ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. തുടർന്ന് ലിഫ്റ്റിൽ കുടുങ്ങിയ ഇയാൾ ശ്വാസംമുട്ടി മരിച്ചു. കത്തിക്കരിഞ്ഞ നിലയിലായിരുന്നു രണ്ടാമത്തെ മൃതദേഹം. വിശാൽ മെഗാ മാർട്ടിൽ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു അപകടം. നാലുനില കെട്ടിടത്തിന്റെ രണ്ടാംനിലയിൽ ആളിപടർന്ന തീ, 13 അഗ്നിശമന സേനാ യൂണിറ്റുകളെത്തിയാണ് അണച്ചത്. പിന്നീട് നടത്തിയ തെരച്ചിലിൽ മൃതദേഹങ്ങൾ കണ്ടെത്തി. ഷോർട്ട് സർക്യൂട്ടാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം.