കുണ്ടും കുഴിയും നിറഞ്ഞ് ശ്രീകാര്യം ചിത്രവിള റോഡ്
ശ്രീകാര്യം: ശ്രീകാര്യം ചിത്രവിള റോഡ് കുണ്ടും കുഴിയുമായി എട്ടുവർഷത്തിലേറെയായിട്ടും നവീകരിക്കാതെ അധികൃതർ.ശ്രീകാര്യം ജംഗ്ഷനിലെ ട്രാഫിക്ക് കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ പ്രദേശവാസികൾ കൂടുതലായി ആശ്രയിക്കുന്ന റോഡാണിത്.
ഇരുചക്രവാഹന യാത്രികരും കാൽനടയാത്രക്കാരും റോഡിലെ കുഴികളിൽ തെന്നിവീണ് പരിക്കേൽക്കുന്നത് പതിവാണ്.ചിലയിടങ്ങളിൽ റോഡിന്റെ ഇരുവശത്തെയും ടാറും മെറ്റലും ഇളകിമാറി നടുക്ക് നൂല് പോലെയാണ് ടാറുള്ളത്.
ശ്രീകാര്യം ജംഗ്ഷനിൽ നിന്ന് ചെറിയ നാല് റോഡുകൾ സന്ധിക്കുന്ന പ്രധാന റോഡാണ് ചിത്രവിള റോഡ്.ശ്രീകാര്യം ലയോള റോഡിലെ ബാലകൃഷ്ണ ഓയിൽ മില്ലിന്റെ അടുത്തുള്ള റോഡും, ശ്രീകാര്യം ചാവടിമുക്കിന് സമീപം തൈക്കാ പള്ളിക്കെതിരെയുള്ള റോഡും,മുട്ടംപുറം കുളത്തിന് സമീപത്തെ റോഡും, കല്ലംപള്ളി ഇളംകുളം ക്ഷേത്രത്തിന് മുന്നിലെ റോഡും അവസാനിക്കുന്നത് ചിത്രവിള റോഡിലാണ്.
ചിത്രവിള റോഡിൽ നിന്ന് എൻജിനിയറിംഗ് കോളേജിന് സമീപത്തെ അമ്പാടി നഗർ റോഡിലെത്തിയശേഷം,അവിടുന്ന് അലത്തറ-ആക്കുളംവഴി ദേശീയപാത 66ൽ ഗതാഗതക്കുരുക്കില്ലാതെ എത്താൻ സാധിക്കും.
രണ്ടര കിലോമീറ്റർ ദൂരവും കഷ്ടിച്ച് അഞ്ചര മീറ്റർ വീതിയുമുള്ള ഈ റോഡ് നഗരസഭയുടെ അധീനതയിലാണ് വരുന്നത്. ഒരു വർഷം മുൻപ് എസ്.സി ഫണ്ട് വിനിയോഗിച്ച് നവീകരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒന്നും നടന്നില്ല. നഗരസഭയുടെ ചെറുവയ്ക്കൽ വാർഡിൽ ഉൾപ്പെടുന്ന ഈ റോഡ് ആയിരക്കണക്കിന് പേരാണ് ദിനവും ആശ്രയിക്കുന്നത്.
ചിത്രവിള റസിഡന്റ്സ് അസോസിയേഷൻ ഉൾപ്പെടെയുള്ള അസോസിയേഷനുകൾ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ അധികൃതർക്ക് നിരവധി നിവേദനങ്ങൾ നൽകിയിട്ടുണ്ട്.പക്ഷെ നടപടിയൊന്നുമുണ്ടായിട്ടില്ല.
ശ്രീകാര്യത്തെ ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ ജനങ്ങൾ കൂടുതലായി ഉപയോഗിക്കുന്ന ശ്രീകാര്യം ചിത്രവിള റോഡ് ഉടൻ അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കണം.
ശ്രീകാര്യം ശ്രീകുമാർ,മുൻ കൗൺസിലർ.
ശ്രീകാര്യം ചിത്രവിള റോഡിന്റെ ശോച്യവസ്ഥ ഉടൻ പരിഹരിക്കണം.
വിജയകുമാർ,പ്രസിഡന്റ്,ചിത്രവിള റസിഡന്റസ് അസോസിയേഷൻ
ചിത്രവിള റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തി ഉടൻ സഞ്ചാരയോഗ്യമാക്കുമെന്ന് നിലവിലെ കൗൺസിലർ അറിയിച്ചിരുന്നു.എന്നാൽ നഗരസഭയുടെ അനുമതിക്കാണ് കാലതാമസമെന്ന് ഇവർ പറഞ്ഞു. ശിവകുമാർ, സെക്രട്ടറി,ചിത്രവിള റസിഡന്റസ് അസോസിയേഷൻ