റോയിട്ടേഴ്സിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചു

Sunday 06 July 2025 10:55 AM IST

ന്യൂഡൽഹി: അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് വെള്ളിയാഴ്ച മുതൽ ഇന്ത്യയിൽ മരവിപ്പിച്ചെന്ന് റിപ്പോർട്ട്. മരവിപ്പിച്ചതിന്റെ കാരണം വ്യക്തമല്ല. നിരവധി എക്സ് ഉപയോക്താക്കൾ റോയിട്ടേഴ്സിന്റെ എക്സ് പേജ് ബ്ലോക്ക് ചെയ്തത് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. സംഭവത്തിൽ റോയിട്ടേഴ്സോ കേന്ദ്ര സർക്കാരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇന്ത്യയ്ക്ക് പുറത്തുള്ളവർക്ക് റോയിട്ടേഴ്സ് എക്സ് പേജ് ലഭ്യമാകുന്നുണ്ടെന്നും ഉപയോക്താക്കൾ പറയുന്നു. നിയമപരമായ ആവശ്യത്തെത്തുടർന്ന് ഇന്ത്യയിൽ അക്കൗണ്ട് നിയന്ത്രിച്ചിരിക്കുന്നുവെന്നാണ് അക്കൗണ്ട് ഓപ്പൺ ചെയ്യുമ്പോൾ കാണിക്കുന്നത്. ഈ ബ്ലോക്ക് താൽക്കാലികമാണോ സ്ഥിരമാണോ എന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

റോയിട്ടേഴ്സിന്റെ പ്രധാന എക്സ് അക്കൗണ്ട് മരവിപ്പിച്ചുവെങ്കിലും റോയിട്ടേഴ്സ് ടെക് ന്യൂസ്, റോയിട്ടേഴ്സ് ഫാക്റ്റ് ചെക്ക്, റോയിട്ടേഴ്സ് പിക്ചേഴ്സ്, റോയിട്ടേഴ്സ് ഏഷ്യ, റോയിട്ടേഴ്സ് ചെെന എന്നിവയുൾപ്പെടെ നിരവധി അനുബന്ധ അക്കൗണ്ടുകൾ ഇന്ത്യയിൽ ഇപ്പോഴും ആക്സസ് ചെയ്യാൻ കഴിയുന്നുണ്ട്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാർത്ത ഏജൻസിയാണ് റോയിട്ടേഴ്സ്.