ഈ മൃഗത്തിന്റെ ഒരു തുള്ളി കണ്ണുനീർ മതി; പാമ്പിന്റെ വിഷം പോലും നിർവീര്യമാക്കാം
കണ്ണുനീർ എന്നത് വെറും വെള്ളത്തുള്ളികളല്ലേ എന്നാണ് പലരും ധരിച്ചുവച്ചിരിക്കുന്നത്. കണ്ണീരിലൂടെയാണ് ഒരാൾ അയാളുടെ പ്രയാസങ്ങൾ പ്രകടിപ്പിക്കുന്നത്. എന്നാൽ ചിലർ കരയുന്നതായി അഭിനയിക്കാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ ഇതിനെ മുതലക്കണ്ണീർ എന്നും വിശേഷിപ്പിക്കാറുണ്ട്. എന്നാൽ കണ്ണുനീർ വെറും വികാരങ്ങൾ പ്രകടിപ്പിക്കാൻ മാത്രമുള്ളതല്ലെന്നാണ് പുതിയൊരു പഠനം സൂചിപ്പിക്കുന്നത്.
ജീവൻ രക്ഷിക്കാൻ പോലും കണ്ണുനീരിന് സാധിക്കുമത്രേ. എന്നാൽ അത് മനുഷ്യന്റെ കണ്ണുനീരല്ല, ഒട്ടകത്തിന്റെ കണ്ണുനീരിനാണ് ഈ കഴിവുള്ളതെന്നാണ് പറയപ്പെടുന്നത്. പാമ്പിന്റെ വിഷത്തിനെ നിർവീര്യമാക്കാൻ ഇവയ്ക്ക് സാധിക്കുമെന്നാണ് പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
പഠനം
'മരുഭൂമിയുടെ കപ്പൽ' എന്നാണ് ഒട്ടകങ്ങളെ അറിയപ്പെടുന്നത്. കാരണം അവ ദുർഘടമായ പ്രദേശങ്ങളിലൂടെ കർഷകരെ ദീർഘദൂര യാത്രയ്ക്ക് സഹായിക്കുന്നു. ബിക്കാനീറിലെ നാഷണൽ റിസർച്ച് സെന്റർ ഓൺ കാമലിലെ(NRCC) ശാസ്ത്രജ്ഞർ, ഒട്ടകത്തിന്റെ കണ്ണീരിൽ നിന്നും അതിന്റെ രോഗപ്രതിരോധ സംവിധാനത്തിൽ നിന്നും ലഭിക്കുന്ന ആന്റിബോഡികൾ പാമ്പിന്റെ വിഷത്തെ ചെറുക്കാൻ ഉപയോഗിക്കാമെന്ന് കണ്ടെത്തി.
മണികൺട്രോൾ റിപ്പോർട്ട് അനുസരിച്ച്, എൻ ആർ സി സിയിലെ ഗവേഷകർ ഒട്ടകങ്ങൾക്ക് (കാമെലസ് ഡ്രോമെഡാരിയസ്) ഉഗ്ര വിഷമുള്ള പാമ്പായ സോ സ്‌കെയിൽഡ് വൈപ്പറിന്റെ (Saw-scaled viper) വിഷം കുത്തിവച്ചു. ഒട്ടകങ്ങളുടെ രക്തത്തിലെ സെറം, കണ്ണുനീർ എന്നിവയിൽ നിന്നുള്ള ആന്റിബോഡികൾ വിഷത്തെ നിർവീര്യമാക്കുന്നുവെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടുപിടിത്തം.
ഒട്ടകത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ഈ ആന്റിബോഡികൾ അലർജി പ്രതിപ്രവർത്തനങ്ങൾ കുറവാണ് ഉണ്ടാക്കുന്നത്. കൂടാതെ ഉത്പാദിപ്പിക്കാൻ ചെലവേറിയതും സങ്കീർണ്ണവുമായ ഹോഴ്സ് ഇമ്യൂണോഗ്ലോബുലിനിൽ (IgG) നിന്ന് ഉരുത്തിരിഞ്ഞ പരമ്പരാഗത ആന്റിവെനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ ഫലപ്രദവുമാണ്.
ഒരു തുള്ളി കണ്ണുനീരുകൊണ്ട് ഇരുപത്തിയാറ് പാമ്പിന്റെ വിഷം നിർവീര്യമാക്കാനാകുമത്രേ. പാമ്പുകടിയേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ നൽകുന്നതിനും, ഒട്ടകങ്ങളെ വളർത്തുന്ന കർഷകർക്ക് മെച്ചപ്പെട്ട ജീവിത നിലവാരം നൽകുന്നതിനും ഈ കണ്ടുപിടിത്തം സഹായിക്കുമെന്നാണ് കരുതുന്നത്.
ഈ കണ്ണീർ എന്തുകൊണ്ട് വിലപ്പെട്ടത്?
ഇന്ത്യയിൽ പലയിടത്തും പാമ്പ് ശല്യം അതിരൂക്ഷമാണ്. വീടിനുള്ളിൽ വരെ ഉഗ്രവിഷമുള്ള പാമ്പുകളെത്തുന്നു. ചികിത്സയ്ക്ക് കാലതാമസം ഉണ്ടാകുന്നതുമൂലമോ, ആന്റിവെനം കൃത്യമായി നൽകാൻ സാധിക്കാത്തതുമൂലമോ ഒക്കെ മരണങ്ങൾ സംഭവിക്കുന്നു.
രാജ്യത്ത് പ്രതിവർഷം ഏകദേശം പാമ്പുകടിയേറ്റുള്ള 58,000 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. കൂടാതെ ഇതിന്റെ ഇരട്ടിയിലധികം പേർക്ക് പാമ്പ് കടിമൂലം ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുന്നു. എൻ ആർ സി സിയിലെ ഒട്ടകത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ആന്റിബോഡികൾ കുറഞ്ഞ ചെലവിൽ, സുരക്ഷിതമായി, ഉൽപ്പാദിപ്പിക്കാൻ എളുപ്പമുള്ള ചികിത്സകളിലേക്ക് നയിച്ചേക്കാം.
പാമ്പുകടിയേറ്റവർക്ക് സമയബന്ധിതമായി വൈദ്യസഹായം ലഭിക്കാൻ ഇത് സഹായിക്കാം. ബിക്കാനീർ, ജയ്സാൽമീർ, ജോധ്പൂർ അടക്കമുള്ള സ്ഥലങ്ങളിലെ ഒട്ടക കർഷകർക്കും ഇത് വലിയ സഹായകമായിരിക്കും. റിപ്പോർട്ട് അനുസരിച്ച്, സെറം ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ പോലുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനികളും മറ്റ് സ്വകാര്യ മരുന്ന് കമ്പനികളും ഒട്ടകത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ആന്റിബോഡികളെ ചുറ്റിപ്പറ്റി പരീക്ഷണങ്ങൾ നടത്തിവരികയാണ്.
കർഷകർക്ക് ഓരോ മാസവും ഒരു ഒട്ടകത്തിന് 5,000 മുതൽ 10,000 രൂപ വരെ അധിക വരുമാനം നൽകാൻ കഴിയുമെന്ന് കണക്കാക്കുന്നു. ഇത് കർഷകർക്ക് പുതിയതും സുസ്ഥിരവും ശാസ്ത്രീയമായി ലാഭകരവുമായ ഒരു പണ സ്രോതസ്സ് നൽകും. മാത്രമല്ല ഈ കണ്ടുപിടിത്തത്തോടെ ലോകത്തിലെ തന്നെ ഏറ്റവും വിലപ്പെട്ട കണ്ണുനീർ ഒട്ടകത്തിന്റേതാകുമെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട.