ഗർഭിണിയാകുന്ന സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ, വിചിത്ര നീക്കം, ഈ രാജ്യത്തിന്റെ തീരുമാനത്തിന് പിന്നിൽ
ലോകത്തെ പല രാജ്യങ്ങളും പ്രധാനമായും ഇപ്പോൾ നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് ജനസംഖ്യയിലുണ്ടാകുന്ന മാറ്റങ്ങൾ. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ വർദ്ധനവാണ് രേഖപ്പെടുത്തുന്നതെങ്കിൽ ജപ്പാൻ, റഷ്യ, ഇറ്റലി പോലുള്ള രാജ്യങ്ങൾ ജനസംഖ്യയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഇവിടെ ജനസംഖ്യയിൽ വർദ്ധനവുണ്ടാക്കാൻ സർക്കാർ ഇടപെട്ട് നിരവധി പദ്ധതികൾ പ്രഖ്യാപിക്കാറുണ്ട്. അടുത്തിടെ ജനസംഖ്യ വർദ്ധനയ്ക്കായി എന്തുവഴിയും സ്വീകരിക്കാൻ ഒരുക്കമാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡമിർ പുടിൻ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ പുടിന്റെ പ്രഖ്യാപനം കണക്കിലെടുത്ത് റഷ്യയിലെ ചില പ്രവിശ്യകൾ നടത്തിയ വിചിത്ര പ്രഖ്യാപനം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.
ഗർഭിണികളാകുന്ന സ്‌കൂൾ വിദ്യാർത്ഥികൾക്ക് 100,000 റൂബിൾസ് ( 1,08,772 ഇന്ത്യൻ രൂപ) നൽകുമെന്നാണ് റഷ്യയിലെ പത്ത് പ്രവിശ്യകൾ പ്രഖ്യാപനം. പലയിടങ്ങളിൽ ഇത് നടപ്പാക്കിക്കഴിഞ്ഞു. നേരത്തെ മുതിർന്ന സ്ത്രീകൾക്ക് മാത്രം പ്രഖ്യാപിച്ച ഈ പദ്ധതി ഇപ്പോൾ സ്‌കൂൾ വിദ്യാർത്ഥിനികൾക്കും കൂടി പ്രഖ്യാപിച്ചതോടെ വിമർശനവും ഒരു ഭാഗത്ത് നിന്നുയരുന്നുണ്ട്. ഗുരുതരമായ ജനസംഖ്യാ മാന്ദ്യം പരിഹരിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് ഈ പ്രഖ്യാപനം.
2023ൽ പുറത്തുവന്ന കണക്ക് പ്രകാരം റഷ്യയുടെ പ്രത്യുൽപാദന നിരക്ക് 1.41 ആണ്. ഇപ്പോഴത്തെ ജനസംഖ്യ പിടിച്ചുനിർത്തണമെങ്കിൽ അത് 2.05ൽ എങ്കിലും എത്തിക്കണം. എന്നാൽ ഇതിന് വേണ്ടി കൗമാരക്കാരുടെ പ്രസവത്തെ പ്രോത്സാഹിപ്പിക്കാനുള്ള തീരുമാനം വലിയ ഭിന്നതകളുണ്ടാക്കുന്നുണ്ട്. റഷ്യൻ പബ്ലിക്ക് ഒപ്പിനിയൻ റിസർച്ച് സെന്റർ ഇതുമായി ബന്ധപ്പെട്ട് നടത്തിയ സർവ്വേയിൽ 43 ശതമാനം പൗരന്മാരും ഈ നയത്തെ പിന്തുണയ്ക്കുന്നു. 40 ശതമാനം പേർ ഈ നയത്തെ അംഗീകരിക്കുന്നില്ല.
ജനസംഖ്യ വർദ്ധനവുണ്ടാകുന്നത് ഭൗമരാഷ്ട്രീയ ശക്തി വർദ്ധിക്കുന്നതിന് തുല്യമാണെന്ന് പുടിൻ കണക്കാക്കുന്നു. റഷ്യൻ ജനസംഖ്യ കുറവ് വരുത്താൻ യുക്രൈൻ യുദ്ധം ഒരു കാരണമായിട്ടുണ്ട് എന്നുള്ളത് മറ്റൊരു സത്യമാണ്. റഷ്യൻ ജനസംഖ്യ വർദ്ധനവിന് ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു ഇത്. രാജ്യത്തുള്ള യുവാക്കളിൽ ഭൂരിഭാഗവും വിദേശരാജ്യങ്ങൾ തേടിപ്പോകുകയാണ്. ഭാവിയിൽ ഒരു കുഞ്ഞിനെ പ്രസവിച്ച് വളർത്താനുള്ള മടിയും പലരും പങ്കുവയ്ക്കുന്നുണ്ട്. ഇതൊക്കെ രാജ്യത്തിന്റെ ജനസംഖ്യാ പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്.
കൊല്ലപ്പെട്ടത് 2,50,000 സൈനികർ
യുക്രൈൻ ആക്രമിച്ച് അവരുടെ പ്രദേശം നിയമവിരുദ്ധമായി പിടിച്ചെടുത്ത് റഷ്യയുടെ ഭൗതിക വലുപ്പം വർദ്ധിപ്പിക്കാനുള്ള പുടിന്റെ ശ്രമങ്ങൾ റഷ്യയുടെ ജനസംഖ്യയ്ക്കുണ്ടാക്കിയത് വലിയ തിരിച്ചടിയാണ്. 2,50,000 റഷ്യൻ സൈനികരാണ് യുക്രയിൻ യുദ്ധത്തിൽ കൊല്ലപ്പെട്ടത്. ഇതോടൊപ്പം യുദ്ധത്തെത്തുടർന്ന് ഉന്നത വിദ്യാഭ്യാസമുള്ള റഷ്യക്കാരിൽ ലക്ഷക്കണക്കിന് പേരുടെ പലായനത്തിന് കാരണമായി. റഷ്യയിലെ ജനനനിരക്ക് നിലവിൽ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ്.
അനൂകൂല്യങ്ങളിലും വർദ്ധന
2024ന്റെ ആദ്യ പകുതിയിൽ 599,600 കുട്ടികളാണ് റഷ്യയിൽ ജനിച്ചത്. കഴിഞ്ഞ 25 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്. 2023ലെ കാലയളവിനെ അപേക്ഷിച്ച് 16,000 കുട്ടികളുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. പ്രസവം വർദ്ധിപ്പിക്കാൻ നിരവധി ആനുകൂല്യങ്ങളും റഷ്യ നടപ്പാക്കിയിട്ടുണ്ട്. ആദ്യമായി അമ്മയാകുന്നവർക്ക് 677,000 റൂബിൾസ് നൽകും. കഴിഞ്ഞ വർഷം ഇത് 630,400 ആയിരുന്നു. ഇനി രണ്ടാമത്തെ കുഞ്ഞാണെങ്കിൽ 894,000 റൂബിൾസായിരുന്നു. 2024ൽ ഇത് 833,000 റൂബിൾസായിരുന്നു.