ഭാഗ്യദേവത കടാക്ഷിച്ചു; കോകിലയ്ക്ക് കാരുണ്യ ലോട്ടറിയടിച്ചു, ആരെയെങ്കിലും സഹായിക്കെന്ന് ബാല

Sunday 06 July 2025 2:23 PM IST

നടൻ ബാലയും ഭാര്യ കോകിലയും മലയാളികൾക്ക് സുപരിചിതരാണ്. കുക്കിംഗ് വീഡിയോയിലൂടെയും തങ്ങളുടെ വിശേഷങ്ങൾ പങ്കുവച്ചുമൊക്കെ ഇരുവരും സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്താറുണ്ട്. അത്തരത്തിൽ ബാല പങ്കുവച്ച പുതിയ വീഡിയോയാണ് ഇപ്പോൾ നവമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഒരു സന്തോഷ വാർത്തയുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ആ സന്തോഷ വാർത്ത വേറെയൊന്നുമല്ല, കോകിലയ്ക്ക് ലോട്ടറിയടിച്ചെന്നതാണ് ബാലയുടെ പുതിയ വിശേഷം. കഴിഞ്ഞ ദിവസത്തെ കാരുണ്യ ലോട്ടറിയാണ് താരപത്നിയെ തേടിയെത്തിയത്. 4935 നമ്പറിലുള്ള കാരുണ്യ ലോട്ടറി ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

'ഭയങ്കര ഹാപ്പി ന്യൂസ്. കാരുണ്യ ലോട്ടറി ടിക്കറ്റ് കോകിലയ്ക്ക് അടിച്ചിരിക്കുകയാണ്. 25,000 രൂപയാണ് കിട്ടിയത്. കോകിലാ, ആർക്കെങ്കിലും എന്തെങ്കിലും നല്ലത് ചെയ്യ്. ഓക്കെ'- ബാല പറഞ്ഞു. രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

'വേദനിക്കുന്ന കോടീശ്വരന് 25,000 രൂപ ലോട്ടറിയടിച്ചു.', 'അല്ലേലും ഉള്ളവന് കിട്ടികൊണ്ടേ ഇരിക്കും ഇല്ലാത്തവന്റെ ഉള്ളതും കൂടെ പോകും', 'ആ മനസിനെ അഭിനന്ദിക്കുന്നു ആർക്കെങ്കിലും നല്ലത് ചെയ്യു അപൂർവം ചിലർ പറയുന്ന വാക്ക്','ലോട്ടറി വാങ്ങുന്ന കോടീശ്വരൻ', 'നല്ല മനുഷ്യർക്ക് ദൈവം ഇതുപോലെ തരും', 'ആ ലാസ്റ്റ് ഡയലോഗ് സൂപ്പർ. ഇങ്ങനെ മറ്റുള്ളവരെ സഹായിക്കാനുള്ള മനസ് അധികമാർക്കുമില്ലാത്തതാണ്', 'കോടീശ്വരനല്ലേ, എന്തിനാണ് വീണ്ടും ലോട്ടറിയെടുക്കുന്നത്.'- തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്. സഹായം ചോദിച്ചുകൊണ്ടും നിരവധി പേർ കമന്റ് ചെയ്‌തിട്ടുണ്ട്.