വാമനപുരം - ചിറ്റാർ റോഡ് ഇനി കലക്കനാവും
കല്ലറ: വാമനപുരം - ചിറ്റാർ റോഡ് നവീകരണം ആരംഭിച്ചു. 14.80 കോടിയുടെ ബാലൻസ് പ്രവൃത്തിക്കാണ് തുടക്കമായത്. അഞ്ചോളം പഞ്ചായത്ത് പ്രദേശങ്ങളിലൂടെ കടന്നുപോകുന്നതും സ്റ്റേറ്റ് ഹൈവേ ഒന്നിൽ കാരേറ്റ് നിന്നാരംഭിച്ച് പാലോട് സംഗമിക്കുന്നതുമായ 21കി.മീറ്റർ ദൈർഘ്യമുള്ള വാമനപുരം മണ്ഡലത്തിലെ പ്രധാന റോഡായ വാമനപുരം ചിറ്റാർ റോഡ് ആധുനിക രീതിയിലാണ് നവീകരിക്കുന്നത്. മൂന്ന് വർഷം മുൻപ് ഈ റോഡ് കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി 31.70 കോടി രൂപ അനുവദിക്കുകയും ഇ-ടെൻഡർ മുഖേന ഒരു കൺസ്ട്രക്ഷൻ കമ്പനി 20 ശതമാനം തുക കുറച്ച് 24 കോടി രൂപയ്ക്ക് ടെൻഡറെടുത്ത് നിർമ്മാണം ആരംഭിച്ചു. എന്നാൽ നിശ്ചിതസമയ പരിധിക്ക് ശേഷവും പ്രവൃത്തി പൂർത്തീകരിക്കാത്തതിനാൽ 2വർഷം മുമ്പ് റിസ്ക് ആൻഡ് കോസ്റ്റിൽ ഉൾപ്പെടുത്തി കരാറുകാരനെ ടെർമിനേറ്റ് ചെയ്തു.16.3 കോടി രൂപയാണ് കരാറുകാരന് കെ.ആർ എഫ്.ബിയിൽ നിന്ന് നൽകിയിരുന്നത്. യഥാസമയം റോഡിന്റെ തുടർപ്രവൃത്തികൾ ആരംഭിക്കാത്തതിനാൽ റോഡിന്റെ ശോചനീയാവസ്ഥ ഡി.കെ മുരളി എം.എൽ.എ നിയമസഭയിൽ സബ്മിഷനിലൂടെ ഉന്നയിച്ചിരുന്നു. ഇതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ബാലൻസ് പ്രവൃത്തികളുടെ പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കുകയും കിഫ്ബിയുടെ അംഗീകാരത്തിനായി സമർപ്പിക്കുകയും ചെയ്തു.
സാങ്കേതികാനുമതി ലഭിച്ചു
കിഫ്ബിയുടെ കഴിഞ്ഞ ഡയറക്ടർ ബോർഡ് യോഗം,കാരേറ്റ് മുതൽ കല്ലറ ശരവണ ജംഗ്ഷൻ വരെയും ഭരതന്നൂർ ആലവളവ് മുതൽ പാലോട് വരെയുമുള്ള 15.5കി.മീറ്റർ വരുന്ന ബാലൻസ് പ്രവൃത്തികളുടെ പുതുക്കിയ എസ്റ്റിമേറ്റ് തുകയുടെ ഫിനാൻഷ്യൽ അനുമതി നൽകിയിരുന്നു. ഇതുപ്രകാരം കെ.ആർ എഫ്.ബിയുടെ സാങ്കേതികാനുമതിയും ലഭിച്ചു.30 ലക്ഷം രൂപയുടെ മെയിന്റനൻസ് പ്രവൃത്തികളും രണ്ട് മാസം മുമ്പ് ഈ റോഡിൽ നടത്തിയിരുന്നു. ബി.എം ഡാമേജ് പോർഷൻ,ബിസി സർഫസിംഗ്, ഡ്രയിൻ - കൽവെർട്ട് പ്രവൃത്തികൾ, കാരിയേജ് വേ,ട്രാഫിക് സുരക്ഷാ പ്രവൃത്തികൾ,വാട്ടർ അതോറിട്ടി റിസ്റ്റോറേഷൻ തുടങ്ങിയവയാണ് ബാലൻസ് വർക്കിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
യാത്ര സുഗമമാകും
പുതിയ കരാറുകാരൻ ടെൻഡറെടുത്ത് നവീകരണ പ്രവൃത്തികൾ ആരംഭിച്ചു. റോഡ് ഹൈടെക്ക് ആകുന്നതോടെ സംസ്ഥാനത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായ പൊൻമുടിയിലേക്കുള്ള സഞ്ചാരികളുടെ യാത്ര സുഗമമാകും.