മധുരിക്കാതെ ഐസ്ക്രീം വിപണി

Monday 07 July 2025 2:59 AM IST

വെഞ്ഞാറമൂട്: വേനൽ മാറി മഴക്കാലം വന്നതോടെ ഐസ്ക്രീം വിപണിയിലെ കച്ചവടം മങ്ങുന്നു. റോഡരികിലും ഉത്സവ പറമ്പുകളിലുമൊക്കെയായി വ്യത്യസ്ത ഐസ്ക്രീമുകളുമായി കച്ചവടം നടത്തിയിരുന്നവരെല്ലാം ഇപ്പോൾ മറ്റു ജോലികൾ തേടി പോയിത്തുടങ്ങി. ഒരുവിധം കച്ചവടം ലഭിച്ചിരുന്ന ബേക്കറി, ഐസ്ക്രീം പാർലർ, ജ്യൂസ് സെന്റർ എന്നിവയെ തുടർച്ചയായി പെയ്ത മഴ കാര്യമായി ബാധിച്ചു.കെ.എസ്.ഇ.ബിയുടെ ഷോക്ക് കൂടിയായതോടെ കൂടുതൽ ദുരിതത്തിലായി. വൈദ്യുത ചാർജിന് പുറമെ തുക കുറവെന്ന രീതിയിൽ 5000 മുതൽ 20,000 വരെ ഭീമമായ അധിക ചാർജ് ഈടാക്കുന്നതിനാൽ കച്ചവടക്കാർക്ക് വളരെയധികം സാമ്പത്തിക ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നു.ഇതുകൂടാതെ അനിയന്ത്രിതമായ വൈദ്യുതി തടസം കൂടിയായതോടെ ബേക്കറികളിലും ഐസ് ക്രീം പാർലറുകളിലും ഐസ് ക്രീം അലിഞ്ഞ് വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ വെഞ്ഞാറമൂട് കേന്ദ്രീകരിച്ചുള്ള നിരവധി ഹോട്ടലുകളും ബേക്കറികളും നിറുത്തി പോകേണ്ട അവസ്ഥയും കച്ചവടക്കാർക്കുണ്ടായി.