പാതിരാവിൽ വിരിഞ്ഞ് സുഗന്ധം പരത്തി നിശാഗന്ധി
തൃശൂർ: വർഷങ്ങളായുളള കാത്തിരിപ്പ് സഫലമാക്കി അപൂർവമായ നിശാഗന്ധി പുഷ്പം വിരിഞ്ഞതിന്റെ സന്തോഷത്തിലാണ് അരിമ്പൂർ മനക്കൊടി മാധവനും ഭാര്യ ഗീതയും. വർഷങ്ങളായി പല തവണ നിശാഗന്ധി ചെടി നട്ടുവെങ്കിലും അത് പൂവിട്ടില്ല. ഒടുവിൽ കഴിഞ്ഞ ദിവസം മൊട്ടിടുകയും രാത്രിയോടെ വിരിയാൻ തുടങ്ങുകയുമായിരുന്നു. രാത്രി പന്ത്രണ്ടുമണിയോടെ രണ്ടു പൂക്കളും വിടർന്നു. രാവിലെയാകുമ്പോഴേയ്ക്കും കൊഴിഞ്ഞു. ഹൃദ്യമായ സുഗന്ധവും തൂവെളള നിറവുമാണ് നിശാഗന്ധിയുടെ സവിശേഷത. കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വളരുമെങ്കിലും പൂക്കൾ വിരിയാൻ പ്രയാസമാണ്. വർഷത്തിൽ ഒരു പ്രത്യേക സമയത്താണ് ചെടിയിൽ പൂമൊട്ടുകൾ പ്രത്യക്ഷപ്പെടുക. ഇലയുടെ അറ്റങ്ങളിൽ രൂപം കൊള്ളുന്ന പൂമൊട്ടുകൾ ഏതാനും ദിവസങ്ങൾകൊണ്ട് വിരിയും. സാധാരണ പൂക്കളെക്കാൾ വലിപ്പമേറിയതാണ് നിശാഗന്ധിപ്പൂക്കൾ. പൂർണമായി വിടരാൻ അർധരാത്രിയാവുന്ന നിശാഗന്ധി പൂക്കൾക്ക് വിടരുമ്പോൾ മാത്രമാണ് സുഗന്ധം ഉണ്ടാവുന്നത്. ഓരോ ഇതളുകൾ വിരിയുന്നതിനനുസരിച്ച് പൂക്കളുടെ സുഗന്ധം നാലുപാടും വ്യാപിക്കും.